Connect with us

Kozhikode

മുക്കം പോളിടെക്‌നിക് പ്രതീക്ഷക്ക് ചിറക് മുളക്കുന്നു

Published

|

Last Updated

മുക്കം: മുക്കം ഗ്രാമപഞ്ചായത്തിലെ ചേന്ദമംഗല്ലൂരില്‍ പോളിടെക്‌നിക്കെന്ന നാട്ടുകാരുടെ ആവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് ചേന്ദമംഗല്ലൂര്‍ മംഗലശ്ശേരിത്തോട്ടത്തിലെ റവന്യൂ ഭൂമിയില്‍ പുതിയ പോളിടെക്‌നിക് പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടന്ന ഉടനെ ചില ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥലം പോളിടെക്‌നിക് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല. ഇതോടെ പോളിടെക്‌നിക്കെന്ന ആവശ്യവും നാട്ടുകാര്‍ ഏറെക്കുറെ ഉപേക്ഷിച്ച മട്ടായിരുന്നു. ഇതിനിടക്കാണ് സി മോയിന്‍കുട്ടി എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്ന് പോളിടെക്‌നിക്കിനായുള്ള ചര്‍ച്ചകള്‍ സജീവമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ എം എല്‍ എ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയും നടപടികള്‍ വേഗത്തിലാക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തതായി എം എല്‍ എ അറിയിച്ചു. വി സി പൂക്കോയ തങ്ങളെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.
മംഗലശ്ശേരിതോട്ടത്തിലെ 27 ഏക്കര്‍ റവന്യൂ ഭൂമിയില്‍ നിന്ന് അഞ്ച് ഏക്കര്‍ സ്ഥലം പോളിടെക്‌നിക്കിനായി ലഭ്യമാക്കി തുടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് എം എല്‍ എ മോയിന്‍കുട്ടി അറിയിച്ചു.