കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിനെ പ്രതിചേര്‍ത്തു

Posted on: March 11, 2015 10:20 am | Last updated: March 12, 2015 at 9:14 am
SHARE

manmohan singhന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ചതിലെ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രത്യേക സി ബി ഐ കോടതി പ്രതിചേര്‍ത്തു. മന്‍മോഹന്‍ സിംഗ് ഏപ്രില്‍ എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. വ്യവസായ പ്രമുഖനായ രാഷ്ട്രീയക്കാരന്‍ കുമാരമംഗലം ബിര്‍ള, മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് അടക്കം ആറ്‌പേരെ പ്രത്യേക കോടതി പ്രതിചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ഇവര്‍ക്ക് പ്രത്യേക സി ബി ഐ ജഡ്ജി ഭരത് പരാസര്‍ സമന്‍സ് അയച്ചിട്ടുമുണ്ട്. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ കോടതി തള്ളി.
സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് വേണ്ടത്ര സുതാര്യത പാലിക്കാതെയാണെന്ന് സി ബി ഐ കോടതി വിലയിരുത്തി. ഒഡിഷയിലെ തലബീര-11 കല്‍ക്കരിപ്പാടം 2005ല്‍ കുമാരമംഗലം ബിര്‍ളക്ക് അനുവദിച്ചതിലെ ക്രമക്കേടാണ് കേസിന് ആധാരം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ാം ഖണ്ഡിക ബി(ക്രിമിനല്‍ ഗൂഢാലോചന), 409(വിശ്വാസ വഞ്ചന), അഴിമതി നിരോധന നിയമം എന്നിവ അനുസരിച്ചാണ് കേസെടുത്തത്. ഇവര്‍ക്ക് പുറമെ ഹിന്‍ഡാല്‍കോ ലിമിറ്റഡ്, അതിലെ ഉദ്യോഗസ്ഥരായ സുബേന്ദു അമിതാഭ്, ഡി ഭട്ടാചാര്യ എന്നിവരേയും കോടതി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പരമാവധി ജീവപര്യന്തം തടവിന് വരെ ശിക്ഷിക്കാം. ഒഡീഷയിലെ തലബീര-11 കല്‍ക്കരിപ്പാടം 2005ല്‍ ഹിന്‍ഡാല്‍കോവിന് അനുവദിച്ചു കൊടുക്കുമ്പോള്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2015 ജനുവരിയില്‍ സി ബി ഐ മന്‍മോഹന്‍ സിംഗിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് ചോദ്യം ചെയ്തിരുന്നു.
ഹിന്‍ഡാല്‍ കോക്ക് കല്‍ക്കരിപ്പാടം അനുവദിച്ച സമയത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്‍മോഹന്‍ സിംഗിനെ ചോദ്യം ചെയ്യാതിരുന്നതിന് സി ബി ഐയോട് കോടതി വിശദീകരണം തേടിയിരുന്നു.
സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പരേഖ്, ബിര്‍ള, ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവരുടെ പേര്‍ എടുത്തുപറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം സി ബി ഐ കേസ് അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കോടതി ഇത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. മാത്രമല്ല, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്, അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ബി വി ആര്‍ സുബ്രഹ്മണ്യം തുടങ്ങി ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 16ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ 214 കല്‍ക്കരിപ്പാടങ്ങളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കുകയുമുണ്ടായി.
എന്നാല്‍ കേസില്‍ നീതിപൂര്‍വകമായ വിചാരണ നടന്നാല്‍ തന്റെ നിരപരാധിത്വം പൂര്‍ണമായി തെളിയിക്കുമെന്ന് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. കോടതി സമന്‍സ് അയച്ച വിവരം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. പക്ഷേ, അതെല്ലാം ജീവിതത്തിന്റെ ഭാഗമാണല്ലോയെന്നും സിംഗ് പറഞ്ഞു.