Connect with us

National

തത്സ്ഥിതി വിലയിരുത്തി ഭൂമിയെ കരഭൂമി ആക്കാനാകില്ല: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷം അതിനെ കരഭൂമിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് വിധി. ഭൂമിയുടെ സ്വഭാവം മാറ്റാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭൂമിയുടെ സ്ഥിതി മാറിയിട്ടുണ്ടെങ്കിലും നിയമപരമായ നടപടിക്രമം പാലിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയ ഭൂമി നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ കരഭൂമിയായി മാറ്റാന്‍ കഴിയുകയുള്ളൂവെന്നും അതിന് പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
നിലവിലെ ഭൂമി കരഭൂമിയായി കണക്കാക്കണമെങ്കില്‍, 2008ന് മുമ്പുള്ളതാണെങ്കില്‍ ഭൂവിനിയോഗ നിയമപ്രകാരം അനുസരിച്ചോ 2008ന് ശേഷമുള്ളതാണെങ്കില്‍ നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരമോ അനുമതി ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം കരഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. നികുതി രജിസ്റ്ററില്‍ മാറ്റം വരുത്തിയതുകൊണ്ട് മാത്രം ഭൂമിയുടെ സ്വഭാവം മാറില്ല. നിലവിലുള്ള സ്ഥിതി നോക്കി ഭൂമിയെ കരഭൂമിയായി കാണാമെന്നും അതിലൂടെ നികുതി രജിസ്റ്ററില്‍ മാറ്റം വരുത്താമെന്നുമായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഭൂമിയുടെ സ്വഭാവം മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറ്റിയമ്പതിലധികം അപേക്ഷകളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഈ അപേക്ഷകളില്‍ ഇനി തീരുമാനം എടുക്കാന്‍ കഴിയില്ല.

Latest