കോഹ്‌ലിയെ ക്യാപ്റ്റനാക്കണം: വെങ്കിടേഷ് പ്രസാദ്

Posted on: March 11, 2015 12:49 am | Last updated: March 10, 2015 at 11:51 pm
SHARE

venkidesh prasadകൊച്ചി:ലോകകപ്പിനു ശേഷം വിരാട്‌കോഹ്‌ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ബൗളറും കോച്ചുമായ വെങ്കിടേഷ് പ്രസാദ്.കോഹ്‌ലി അഗ്രസ്സിവായ കളിക്കാരനാണ്.ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിയുടെ അഭാവം ടീമിനെ ബാധിക്കാതിരിക്കാന്‍ കോഹ്‌ലിയെ ഇന്ത്യയുടെ എല്ലാ ഫോര്‍മാറ്റിലുമുള്ള ക്രിക്കറ്റ് ക്യാപ്റ്റനാക്കുന്നതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വെങ്കിടേഷ് പ്രസാദ്.ശ്രീശാന്ത് ഇന്ത്യന്‍ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
താന്‍ കണ്ടെതില്‍ വച്ച് സ്വിങ്ങും പേസും ഒരേപോലുള്ള അപൂര്‍വ്വം ബൗളര്‍മാരില്‍ ഒരാളാണ് ശ്രീശാന്ത്. വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രീശാന്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.സജ്ഞു വി.സാംസണ്‍ പ്രതിഭയുള്ള കളിക്കാരനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചെങ്കില്‍ മാത്രമേ സജ്ഞുവിന് ഇന്ത്യന്‍ ടീമില്‍ എത്താന്‍ കഴിയൂ. ധോണിയുടെ ഒഴിവിലേക്ക് വൃദ്ധിമാന്‍ സാഹ,നമാന്‍ ഓജ എന്നിവരും മല്‍സരരംഗത്തുണ്ടെന്ന് വെങ്കിടേഷ് പ്രസാദ് ഓര്‍മ്മിപ്പിച്ചു. അതിനാല്‍ സജ്ഞുവിന് കാത്തിരിപ്പ് വേണ്ടിവരും. പുതിയ നിയമപ്രകാരമുള്ള ഫീല്‍ഡിങ്ങ് നിയന്ത്രണങ്ങള്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് പറഞ്ഞ മുന്‍ ഇന്ത്യന്‍ ഓപ്പണിങ് ബൗളര്‍ ആ വെല്ലുവിളി ഏറ്റടുക്കണമെന്ന് അഭിപ്രായക്കാരനാണ്. ഋഷി ധവാന്‍,വിനയ് കുമാര്‍ എന്നീ യുവ ബൗളര്‍മാരില്‍ പ്രതീക്ഷയുണ്ടെന്നും പ്രസാദ് പറഞ്ഞു.