Connect with us

Kerala

കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട; ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം: കൊല്ലത്ത് എക്‌സൈസ് സംഘം നടത്തിയ വന്‍മയക്കുമരുന്ന് വേട്ടയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവിയറിന് തങ്കശ്ശേരിയിലെ ഒരു അധ്യാപിക പ്രദേശത്തെ ഒരു വിദ്യാര്‍ഥിയുടെ മയക്കമരുന്ന് ഉപയോഗത്തെ കുറിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ സംഘവും കൊല്ലം എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവും ചേര്‍ന്ന് വിദ്യാര്‍ഥിയെ രഹസ്യമായി നിരീക്ഷണം നടത്തിയതിന് ഒടുവിലാണ് 21 ബ്രുപിനോര്‍ ഫിന്‍ ആമ്പ്യൂളുകളുമായി കൊല്ലം അയത്തില്‍ വാഴയില്‍ മുക്ക് എന്ന സ്ഥലത്ത് നിന്നും എറണാകുളം പൂര്‍ണ്ണിത്തറ വില്ലേജില്‍ വൈറ്റിലയിലെ ഇന്‍ഷാദിനെ(34) അറസ്റ്റുചെയ്തത്.
ഇയാളില്‍ നിന്നും ഒരു മൊബൈല്‍ ഫോ ണ്‍, ലാപ്‌ടോപ് എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ സഹായിയായ തിരുവനന്തപുരം ചിറയിന്‍കീഴ് മണമ്പൂര്‍ മടപള്ളികോണം ചേരിയില്‍ മുജിര്‍ മന്‍സിലില്‍ താമസിക്കുന്ന സബീര്‍ (34) എന്നയാളെ ഈ കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതില്‍ രണ്ട് പ്രതികളും കൂടി ഡല്‍ഹി യില്‍ പോയി 20000 രൂപക്ക് 500 ആമ്പ്യൂള്‍ വാങ്ങി നാല് ദിവസം മുമ്പ് തന്നെ കൊച്ചിയില്‍ എത്തി പ്രതി ഇന്‍ഷാദിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫോര്‍ഡ് ഫിഗോ കാറില്‍ സഞ്ചരിച്ച് വിവിധ സ്ഥലങ്ങളില്‍ മയക്കുമരുന്ന് വിറ്റതിനു ശേഷം ആണ് കൊല്ലത്ത് എത്തിയത്. പ്രതികള്‍ ഡല്‍ഹിയില്‍ മയക്കുമരുന്ന് വാങ്ങുന്നതിനായി വിമാന മാര്‍ഗം പോകുകയും തിരികെ പരിശോധനയില്‍ നിന്ന് രക്ഷപെടുന്നതിനായി ട്രെയിന്‍ മാര്‍ഗവും ആണ് വരുന്നത്. പ്രതികള്‍ ആമ്പ്യൂ ള്‍ ഒന്നിന് 600 മുതല്‍ 1000 രൂപ നിരക്കില്‍ ആണ് വില്‍ക്കുന്നത്. ആമ്പ്യൂള്‍ വിറ്റ് സമാഹരിച്ച 10000 രൂപ പുനുലൂര്‍ എസ് ബി ടി ബ്രാഞ്ചില്‍ എത്തി കേസ് എടുക്കുന്നതിന് മുമ്പ് നിക്ഷേപിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതി മയക്കുമരുന്നിന് അടിമ ആണ്.
പ്രതിയില്‍ നിന്നും ധാരാളം സിറിഞ്ചുകള്‍ കണ്ടെടുത്തു. മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിച്ച കാറും ഈ കേസില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. വാ ണിജ്യാടിസ്ഥാനത്തില്‍ ഉള്ള അളവില്‍ മയക്കുമരുന്ന് കൈവശം വച്ചത് വഴി 10 മുതല്‍ 20 വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് പ്രതികള്‍ ചെയ്തിട്ടുതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. പ്രതി ഇന്‍ഷാദിന്റെ പേരില്‍ എറണാകുളം പോലീസ് കണ്ടെടുത്ത മയക്കുമരുന്ന് കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ ഇരിക്കെയാണ് പ്രതി വീണ്ടും പിടിക്കപെട്ടത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ കൊ ല്ലം എക്‌സൈസ് സി ഐ ജെ താജുദീന്‍കുട്ടി, ജെ പി ആന്‍ഡ്രൂസ്, എസ് നിഷാദ്, എസ് ബേബിജോണ്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ, ഡി ശ്രിജയന്‍, ആര്‍ ജി വിനോദ്, എന്നിവര്‍ പങ്കെടുത്തു.
മയക്കുമരുന്ന് വില്‍പ്പന, കഞ്ചാവ് വില്‍പ്പന, വ്യാജമദ്യ വില്‍പന എന്നിവ സംബന്ധിച്ച് വിവരം ലഭിക്കുന്നവര്‍
04742768671,9400069441, 9400069442 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് കൊല്ലം എക്‌സൈസ് സി ഐ അറിയിച്ചു.

Latest