കാലിക്കറ്റ് യൂനിവേഴ്‌സിറ്റി: സമരക്കാരുമായുളള ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ മരവിപ്പിച്ചു

Posted on: March 11, 2015 5:45 am | Last updated: March 10, 2015 at 11:46 pm
SHARE

തേഞ്ഞിപ്പലം: തിങ്കളാഴ്ച എസ് എഫ് ഐ പ്രതിനിധികളും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും തമ്മിലുണ്ടായ ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ മരവിപ്പിച്ചു. തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് എം എസ് എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്നലെ സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ ദിവസമെടുത്ത തീരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കരുതെന്ന ആവശ്യവുമായായിരുന്നു ഉപരോധം. ഭരണകാര്യാലയത്തിലേക്ക് തളളിക്കയറിയ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. തിങ്കളാഴ്ച രാത്രി വൈസ് ചാന്‍സലറുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗം കെ വിശ്വനാഥന്‍, എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കള്‍ എന്നിവരാണ് പങ്കെടുത്തത്. ഈ ചര്‍ച്ചയില്‍ എസ് എഫ് ഐയുടെ നിബന്ധനകള്‍ ഏകപക്ഷീയമായി അംഗീകരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍ ചെയ്തതെന്ന് എം എസ് എഫ് കുറ്റപ്പെടുത്തി. രാവിലെ പത്തരമണിയോടെ ആരംഭിച്ച ഉപരോധ സമരം തീരുമാനങ്ങള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ഒരുമണിയോടെ അവസാനിപ്പിച്ചു.
ഹോസ്റ്റലുകളും പഠന വകുപ്പുകളും തുറക്കുന്നതിന് മുമ്പ് എല്ലാ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായും സര്‍വകലാശാല അധികൃതര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. ഉപരോധത്തെ തുടര്‍ന്ന് ഇന്നലെ ആരംഭിച്ച അസി. ഗ്രേഡ് ഇന്റര്‍വ്യൂവിന് എത്തിയ ഉദ്യോഗാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടി. ഉച്ചക്ക് ശേഷമാണ് ഇവരുടെ ഇന്റര്‍വ്യൂ വീണ്ടും ആരംഭിക്കാനായത്. വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാം, പി വി സി. കെ രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍മജീദ്, ഫിനാന്‍സ് ഓഫീസര്‍ കെ പി. രാജേഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വി പി അബ്ദുല്‍ ഹമീദ്, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും എം എസ് എഫ്, യൂത്ത് ലീഗ് പ്രതിനിധികളായ കെ എം ശാഫി, പി കെ നവാസ്, വി പി അഹമ്മദ് സഹീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.