ബാര്‍കോഴ കേസ്: പണം നല്‍കിയ ബാറുടമകള്‍ വിജിലന്‍സിന് മൊഴി നല്‍കും

Posted on: March 11, 2015 5:43 am | Last updated: March 10, 2015 at 11:44 pm
SHARE

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ പണം നല്‍കിയ ബാറുടമകള്‍ ഇക്കാര്യം വ്യക്തമാക്കി വിജിലന്‍സിന് മൊഴി നല്‍കും. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് വിളിച്ചു ചേര്‍ത്ത ബാര്‍, ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. പണം നല്‍കിയ ബാറുടമകള്‍ ഇക്കാര്യം യോഗത്തില്‍ എഴുതി ഒപ്പിട്ടു നല്‍കി. നേരത്തെ പണം നല്‍കിയിട്ടില്ലെന്ന് വിജിലന്‍സിന് തെറ്റായി മൊഴി നല്‍കിയ നാല് ബാറുടമകള്‍ മൊഴി തിരുത്തി നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജു രമേശ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ എം മാണിക്ക് പണം കൈമാറിയതായി രണ്ട് സാക്ഷികള്‍ ഇതാദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തു.
മാണിക്ക് കൊടുക്കാന്‍ കോട്ടയം ജില്ലയിലെ ബാറുടമകളില്‍ നിന്ന് പിരിച്ചെടുത്ത 15 ലക്ഷം രൂപ താന്‍ കെ എം മാണിയുടെ വീടിന്റെ ഗേറ്റിന് പുറത്തുവെച്ച് കൈമാറിയതെന്നും സംസ്ഥാന ട്രഷറര്‍ ജോണ്‍ കല്ലാട്ട് പണം വാങ്ങി മാണിയുടെ വീട്ടിലേക്ക് കയറിപ്പോയതിന് താന്‍ സാക്ഷിയാണെന്നും കോട്ടയം ജില്ലാ പ്രസിഡന്റ് സാജു ഡാമിനിക്ക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇക്കാര്യം വിജിലന്‍സിനോട് പറയാന്‍ തയ്യാറാണ്. അസോസിയേഷന്‍ നേതാക്കള്‍ മാണിയെ കാണുമ്പോള്‍ പാലായിലെ ഒരു ബാറുടമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണമെടുത്തു കൊണ്ടു വന്ന് മാണിക്ക് കൈമാറിയത് താനാണെന്ന് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയും പറഞ്ഞു. പണം കൈമാറുമ്പോള്‍ പാലായിലെയും കോട്ടയത്തെയും ബാറുടമകളെ കൊണ്ടുവരരുതെന്ന് മാണി ആവശ്യപ്പെട്ടിരുന്നുവെന്നും നല്‍കിയ പണത്തില്‍ ആറായിരം രൂപയുടെ കുറവുണ്ടെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ആ തുക പിന്നീട് എത്തിച്ചുകൊടുത്തെന്നും ബിജുരമേശ് വെളിപ്പെടുത്തി. മാണിക്കെതിരായ ആരോപണത്തില്‍ നിന്ന് പിന്‍മാറിയ ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ അസോസിയേഷന്റെ ജനറല്‍ ബോഡി വിളിക്കാനുള്ള ആവശ്യം നിരാകരിച്ച സാഹചര്യത്തിലാണ് ബിജു രമേശ് സ്വന്തം ശക്തി തെളിയിച്ചുകൊണ്ട് ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കൊച്ചിയില്‍ ഇന്നലെ അനൗപചാരിക യോഗം വിളിച്ചത്. രണ്ടാഴ്ചക്കകം ജനറല്‍ ബോഡി വിളിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ പ്രസിഡന്റിനും സെക്രട്ടറിക്കും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളും ജില്ലാ ഭാരവാഹികളും ഒപ്പിട്ട് കത്തു നല്‍കും.
അതിന് ശേഷവും യോഗം വിളിക്കാന്‍ നടപടിയുണ്ടാകുന്നില്ലെങ്കില്‍ നിയമപരമായി അടുത്ത നടപടിയുമായി മുന്നോട്ടു പോകുമെന്ന് ബിജു രമേശ് പറഞ്ഞു. 418 ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ബാക്കി ബാറുകള്‍ തുറക്കേണ്ടെന്ന് കതുരുന്ന ഒരു വിഭാഗം ബാറുടമകളെ കൂട്ടുപിടിച്ചാണ് സര്‍ക്കാര്‍ മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. അസോസിയേഷന്‍ യോഗങ്ങളുടെ മിനുട്ട്‌സ് അടക്കമുള്ള രേഖകള്‍ ഒളിപ്പിച്ചിരിക്കുകയാണ്. സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും സമ്മര്‍ദം മൂലമാണ് വിജിലന്‍സിന് തെറ്റായ മൊഴി നല്‍കിയതെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ഹോട്ടല്‍ യുവറാണിയില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ അട്ടിമറിക്കുകയും മന്ത്രിമാര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന് വിജിലന്‍സിന് തെറ്റായ മൊഴി നല്‍കുകയും ചെയ്തതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണെന്ന് അംഗങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കേണ്ടതുണ്ട്്. യോഗം വിളിച്ചാല്‍ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പുള്ളതിനാലാണ് സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന ഭാരവാഹികളും ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാന്‍ തയ്യാറാകാത്തതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷററും 13 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുമടക്കം 250 ലേറെ പേര്‍ യോഗത്തില്‍ പങ്കെടുത്തു. നവംബറില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എടുത്ത തീരുമാനം അട്ടിമറിക്കുകയും വിജിലന്‍സിന് തെറ്റായ മൊഴി നല്‍കുകയും ചെയ്ത ബാര്‍ അസോസിയേഷന്‍ ഭാരവാഹികളെ തത്സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.