ഗോവധ നിരോധം വ്യാപകമാക്കുമ്പോള്‍

Posted on: March 11, 2015 6:00 am | Last updated: March 10, 2015 at 11:43 pm
SHARE

SIRAJ.......ഗോവധനിരോധം രാജ്യത്തുടിനീളം നടപ്പാക്കാനുള്ള നീക്കത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി പശു ഉള്‍പ്പെടെ പാല്‍ ഉത്പാദിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലുന്നത് തടയാന്‍ ഭരണഘടനപരമായി നിയമസാധുതയുണ്ടോ എന്നു പരിശോധിക്കാനും അവയെ കൊല്ലുന്നത് തടയുന്നതിനുള്ള കരട് ബില്‍ തയാറാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ബില്‍ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളുടെയും പരിഗണനക്ക് അയക്കും. ഉത്തര്‍പ്രദേശിലും ജാര്‍ഖണ്ഡിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇതിനകം ഗോവധം നിരോധിച്ചിട്ടുണ്ട്.
പശുവില്‍ ദൈവീക പരിവേശമുണ്ടെന്ന സവര്‍ണ ബ്രാഹ്മണ വിഭാഗത്തിന്റെ വിശ്വാസത്തില്‍ നിന്നാണ് പശുക്കളെ അറുക്കുന്നത് പാപമാണെന്ന വാദം ഉയര്‍ന്നുവന്നത്. ഹൈന്ദവരിലെ ന്യുനാല്‍ ന്യൂനപക്ഷമാണ് സവര്‍ണവിഭാഗം. ഇവരുടെ വിശ്വാസത്തെ ഹിന്ദുസമൂഹത്തിന്റെ പൊതുബോധത്തിലേക്ക് കയറ്റിവിടാനും അടിച്ചേല്‍പിക്കാനും ഹിന്ദുത്വ ശക്തികള്‍ നടത്തിവരുന്ന തീവ്രശ്രമത്തിന്റെ ഭഗമാണ് ഗോവധനിരോധമെന്ന ആശയം. മുസ്‌ലിംകളുടെ പുണ്യകര്‍മമായ ഉള്ഹിയ്യത്തിനും മറ്റും വിലക്കേര്‍പ്പെടുത്തുകയെന്ന രഹസ്യ അജന്‍ഡയും ഇതിന്റെ പിന്നിലുണ്ടായിരിക്കാം. എന്നാല്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി ഹൈന്ദവേതര മതവിശ്വാസികള്‍ മാത്രമല്ല, ശൂദ്രര്‍, ദളിതര്‍, ആദിവാസികള്‍ തുടങ്ങി ഹിന്ദുക്കളിലെ തന്നെ ബഹുഭൂരിഭാഗവും പശുവിന് ദിവത്വം കല്‍പിക്കാത്തവരാണ്. ഇവര്‍ പശുമാംസം ഭക്ഷിക്കുന്നവരുമാണ്.
ഗോവധ നിരോധത്തില്‍ ഹൈന്ദവ പുരാണങ്ങള്‍ക്കും ഹിന്ദുത്വ ശക്തികളുടെ നിലപാടിനോട് യോജിപ്പില്ല. വേദങ്ങളുടെ കാലത്ത് പശുക്കളുടെ മാംസം ഭക്ഷിച്ചിരുന്നുവെന്നാണ് പൗരാണിക ഹൈന്ദവ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യനുവേണ്ടിയാണ്. ഭക്ഷിക്കാവുന്ന ഏത് മൃഗങ്ങളുടെയും മാംസം മനുഷ്യര്‍ കഴിക്കുന്നത് പാപമല്ലെന്ന് സംഘ്പരിവാര്‍ അംഗീകരിക്കുന്ന മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങളില്‍ പറയുന്നു. ആര്യ സംസ്‌കാരത്തിലും പശുമാംസം ഭക്ഷിക്കുന്ന ശീലമുണ്ടായിരുന്നു. ആദ്യകാലത്ത് സവര്‍ണരുടെ പോലും ഇഷ്ട ഭോജ്യമായിരുന്നു പശുമാംസമെന്നും ബുദ്ധ ജൈനമതങ്ങളുടെ സ്വാധീനത്തോടെയാണ് പശുമാംസവും മറ്റു മാംസങ്ങളും സവര്‍ണര്‍ക്ക് ഭക്ഷണയോഗ്യമല്ലാതെയായതെന്നുമാണ് ചരിത്രം. ശ്രീബുദ്ധന്‍ അഹിംസാ സിദ്ധാന്തവുമായി വന്നില്ലായിരുന്നെങ്കില്‍ പക്ഷികളുടെയും മൃഗങ്ങളുടെയും സര്‍വനാശം സംഭവിക്കുമായിരുന്നുവെന്നും ബ്രാഹ്മണ മതത്തില്‍ അത്രമാത്രം മൃഗബലികളാണ് നടന്നിരുന്നതെന്നും ചരിത്ര ഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാമായണത്തില്‍ പുരോഹിതരായ ബ്രാഹ്മണരടക്കം വിവിധ മാംസങ്ങള്‍ ഭക്ഷിക്കുന്ന വിവരണങ്ങള്‍ ധാരാളമുണ്ട്.
ഇനി ഗോമാംസം ഭക്ഷിക്കുന്നത് ഹിന്ദുവിശ്വാസ പ്രകാരം തെറ്റാണെന്ന് സങ്കല്‍പിച്ചാല്‍ തന്നെ, വിവിധ സംസ്‌കാരങ്ങള്‍ ഇടകലര്‍ന്നുള്ള ഇന്ത്യയില്‍ ഒരു പ്രത്യേക മതത്തിന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണ്. വിഷസര്‍പ്പങ്ങള്‍, ക്രൂരമൃഗങ്ങള്‍, മനുഷ്യന്റെ ലിംഗം തുടങ്ങിവക്കൊക്കെ ദിവ്യപരിവേഷം കല്‍പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ ഏത് വസ്തുവെടുത്തു നോക്കിയാലും അവ ആരുടെയെങ്കിലുമൊക്കെ ആരാധ്യവസ്തുവാണെന്ന് കാണാം. ഗോമാതാവ് ആരാധ്യ വസ്തുവാണെന്ന നിലക്ക് അവയെ കൊല്ലരുതെന്ന് പറയുന്ന പോലെ, ഈ കാര്യങ്ങളിലും വാദിക്കാം. അത് ഗുരുതരമായ പ്രതിസന്ധിയുളവാക്കും. മാട്ടിറച്ചി, തുകല്‍ വ്യാപാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. ഗോവധനിരോധം ഇവരെ പട്ടിണിയിലാക്കും. കച്ചവടാവശ്യത്തിന് കാലികളെ വളര്‍ത്തുന്ന കര്‍ഷകരും വഴിയാധാരമാകും. മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചത് മുലം 20 ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടമായെന്നാണ് കണക്ക്. സാമ്പത്തിക രംഗത്തും ഇത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യന്‍ മാട്ടിറച്ചിക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. മാട്ടിറച്ചി കയറ്റുമതിയിലൂടെ പ്രതിവര്‍ഷം രാജ്യത്തിന് 3500 കോടിയിലധികം രൂപ വരുമാനമുണ്ട്. ടണ്‍കണക്കിന് പോഷകസമ്പന്നമായ മാംസാഹാരം വെറുതെ നഷ്ടപ്പെടുത്തുകയും നാടിന്റെ സാമ്പത്തിക മേഖഖലയെ ക്ഷീണിപ്പിക്കുകയുമായിരിക്കും മാടുകളുടെ അറവ് നിരോധിച്ചു അവയെ വെറുതെ ചാവാന്‍ വിടുന്നതിന്റെ ഫലം. ഇന്ത്യയെപ്പോലെ ദരിദ്രരും പട്ടിണിപ്പാവങ്ങള്‍ നിറഞ്ഞതുമായ ഒരു രാജ്യത്ത് ഇത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു ഭരണകൂടം ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്.
പശു ആരാധ്യ വസ്തുവാണെന്ന് വിശ്വസിക്കുന്നവര്‍ അതിനെ ആരാധിക്കട്ടെ. അതിലാരും ഇടപെടുന്നില്ല. ആ വിശ്വാസമില്ലാത്തവര്‍ അതിനെ അറുത്തു ഭക്ഷിക്കുന്നെങ്കില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്യവും നല്‍കകുകയല്ലേ വിവേകവും ബുദ്ധിയും. ഒരു ബഹുസ്വര രാജ്യത്തിന്റെ ഭരണ നേതൃത്വം ചെയ്യേണ്ടത് അതാണ്. ഇതാണ് ഇന്ത്യന്‍ ഭരണഘടയുടെ തത്വവും. ഒരു ന്യൂനപക്ഷത്തിന്റെ താത്പര്യം ബഹുഭൂരിപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യവിരുദ്ധവും നാടിന്റെ സമാധാനന്തരീക്ഷത്തിന് ഭീഷണിയുമാണ്.