പീഡകര്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുന്ന കാലം

Posted on: March 11, 2015 5:40 am | Last updated: March 10, 2015 at 11:41 pm
SHARE

സാര്‍വദേശീയ വനിതാദിനം, നിര്‍ഭയയുടെ നീറുന്ന ഓര്‍മകള്‍ക്കു മധ്യേയാണ് ഇന്ത്യയില്‍ ആചരിക്കപ്പെട്ടത്. ബി ബി സി തയ്യാറാക്കിയ ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. നിര്‍ഭയ എന്നത് ഒരൊറ്റ പെണ്‍കുട്ടിയല്ല, ഇന്ത്യയില്‍ വേട്ടയാടപ്പെടുന്ന സ്ത്രീകളുടെ ആകെ പ്രതിനിധിയാണ്. ഇപ്പോഴാകട്ടെ, വേട്ടയാടപ്പെടുകയും ദാരുണമായി കൊല്ലപ്പെടുകയും ചെയ്‌തെങ്കിലും ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ആ കുറ്റകൃത്യത്തെ ന്യായീകരിക്കുന്നത് സാര്‍വദേശീയ വാര്‍ത്തയായി മാറിയ സന്ദര്‍ഭവുമാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ ഒരു വിധത്തിലും സുരക്ഷിതരല്ലായെന്ന കാര്യം ഓരോ പ്രഭാതവും നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ, പ്രതിക്ക് തിഹാര്‍ ജയിലില്‍ നിര്‍ഭയം മാധ്യമങ്ങളെ കാണാനും നികൃഷ്ടമായ വിധത്തില്‍ തന്റെ ചെയ്തികളെ ന്യായീകരിക്കാനും അവസരമുണ്ടായി എന്നത് മറ്റെന്തിന്റെയൊക്കെ സൂചനകളാണ്?
2013 ജൂലൈ 23 നാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ്‌ലി ലുഡ്‌വിന്‍ മുഖ്യപ്രതിയുമായി ജയിലില്‍ അഭിമുഖം നടത്തിയത്. (മാധ്യമപ്രവര്‍ത്തകരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല) പ്രതിയുടെ അഭിമുഖ തീയതി നോക്കുമ്പോള്‍ കഴിഞ്ഞ യു പി എ സര്‍ക്കാറാണ് ഇതിന് രാഷ്ട്രീയമായി ഉത്തരം പറയേണ്ടതെന്ന് സാങ്കേതികമായി പറയാം. പക്ഷേ, പ്രശ്‌നം എന്ന്, ആര്, എങ്ങനെ എന്നുള്ളതല്ല. സ്ത്രീസമൂഹത്തെ ആകെ അവഹേളിക്കുന്ന പ്രസ്താവനകള്‍ കഴിഞ്ഞ കുറേ നാളുകളായി അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ‘സ്ത്രീകള്‍’ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നതാണ് മാനഭംഗക്കേസുകള്‍ കൂടാന്‍ കാരണമെന്ന് പറയുന്ന മന്ത്രിമാര്‍ ഈ ലോക്‌സഭയിലുണ്ടല്ലോ. ആ പശ്ചാത്തലത്തിലാണ് പ്രതിയുടെ അഭിഭാഷകന്‍ തരം താണ പ്രസ്താവന നടത്തിയത്. ‘മധുരം റോഡില്‍ വലിച്ചെറിഞ്ഞാല്‍ നായ്ക്കള്‍ അത് വന്ന് എടുത്തു കഴിക്കു’മത്രെ!
എത്ര വലിയ സാംസ്‌കാരികത്തകര്‍ച്ചയാണ് നാം അഭിമുഖീകരിക്കുന്നത്? വാക്കുകള്‍ കൊണ്ട് വിശദീകരിക്കാവുന്നതിനും അപ്പുറമാണത്. ലോകത്തെ എല്ലാ മുതലാളിത്ത രാജ്യങ്ങളിലും സ്ത്രീ കേവലം ഉപഭോഗവസ്തു മാത്രമാണ്. ഇന്ത്യയില്‍ വിശേഷിച്ചും അതിന്റെ സ്വഭാവം വളരെ നിന്ദ്യമായിരിക്കുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള വാഗ്‌ധോരണികള്‍ യഥേഷ്ടം പ്രയോഗിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ സ്ത്രീകളോടുള്ള സമീപനമാണ് സമൂഹത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. അതില്‍ മാറ്റം വരാതെ ഒരു സ്ത്രീ ശാക്തീകരണവും നടക്കാന്‍ പോകുന്നില്ല.
ഈ മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനം 104 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ നാട്ടില്‍ സ്ത്രീകളുടെ പദവിയെന്താണ് എന്നതിന്റെ നേര്‍സാക്ഷ്യമായിരിക്കുന്നു ഡല്‍ഹി സംഭവം. മാനം സംരക്ഷിക്കുവാന്‍ പ്രാണന്‍ തെരുവില്‍ വിലയായികൊടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ ദുര്‍ഗതി അവസാനിക്കുന്നില്ല എന്നാണ് നിത്യേന പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്. തലസ്ഥാന നഗരിയില്‍ സ്ത്രീവിരുദ്ധ സംഭവങ്ങള്‍ അവസാനിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയ വാര്‍ത്ത മഹാരാഷ്ട്രയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഏതാനും മാസങ്ങള്‍ക്കുമുമ്പാണ്, ഇന്ത്യയെമ്പാടും നിത്യേന നിരവധി മാനഭംഗസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എല്ലാം ഇരുളിലാണ്ടുപോയിട്ടില്ലെന്നും, സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ അന്തസ്സോടെ, അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന ഒരു സമൂഹം നമുക്ക് അവകാശപ്പെട്ടതാണെന്നുമുള്ള പ്രതീക്ഷ രാജ്യത്താകെ പകര്‍ന്നുനല്‍കാന്‍ ഡല്‍ഹി സംഭവത്തെത്തുടര്‍ന്ന്, ഡല്‍ഹിയിലും രാജ്യമെമ്പാടുമുയര്‍ന്ന പ്രക്ഷോഭങ്ങള്‍ക്കായി. സമൂഹത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ദുഷിപ്പുകളെയും മാലിന്യങ്ങളെയും തുടച്ചുനീക്കാന്‍ പര്യാപ്തമായ ജ്വാലയായി ഈ പ്രക്ഷോഭം കൊളുത്തിയ കൈത്തിരി വളര്‍ത്തിയെടുക്കണം. സാമൂഹിക മനോഘടനയിലൊന്നാകെ ഒരു വ്യാധിപോലെ പടര്‍ന്നുപിടിച്ചിരിക്കുന്ന വികലമായ സ്ത്രീ സങ്കല്‍പ്പങ്ങളെ പിഴുതെറിഞ്ഞ് മനുഷ്യനു ചേര്‍ന്ന സാമൂഹിക പദവിയോടെ ഏതൊരാള്‍ക്കും ജീവിച്ചു മുന്നേറാന്‍ സാധിക്കുന്ന ഒരു സംസ്‌കൃതി സ്ഥാപിക്കപ്പെടണം.
1857 മാര്‍ച്ച് 8ന് യൂറോപ്പിലെ തുണി മില്‍തൊഴിലാളികളായ വനിതകള്‍ ഉടമകളുടെ അന്യായത്തിനെതിരെ തുടക്കം കുറിച്ച സമരമാണ് പിന്നീട് യൂറോപ്പിനെയും അമേരിക്കയെയുമൊക്കെ പിടിച്ചുകുലുക്കിയ പ്രക്ഷോഭണമായി മാറിയത്. മിനിമം കൂലിക്കു വേണ്ടിയും ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുന്നതിനു വേണ്ടിയും തൊഴിലാളികള്‍ അന്ന് പ്രക്ഷോഭരംഗത്ത് അണിനിരന്നിരുന്നു. തൊഴില്‍ സമയം ചുരുക്കുക, മിനിമം കൂലി അനുവദിക്കുക, വോട്ടവകാശം ഉറപ്പാക്കുക, തൊഴില്‍രംഗത്ത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും തെരുവില്‍ ഇറങ്ങി. 1857 മുതല്‍ 1908 വരെയുള്ള ഒരു നീണ്ട കാലത്തിന്റെ ആവേശോജ്വലമായ ഒരു ചരിത്രം ആ പോരാട്ടത്തിനുണ്ട്. ഇതിലൂടെയെല്ലാം സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന ഗൗരവതരമായ ഒരു സമീപനം സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാനായി.
സാമൂഹികവികാസ ചരിത്രം പരിശോധിച്ചാല്‍ സ്ത്രീകള്‍ക്ക് ചൂഷണവും പീഡനവും ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള ഓരോ ഘട്ടത്തിലും അതിനെതിരായ ഉശിരാര്‍ന്ന പോരാട്ടങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട് എന്നു കാണാനാകും. ഉജ്വലമായ ഈ പോരാട്ടങ്ങളിലൂടെയാണ് ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് സ്വന്തം നില മെച്ചപ്പെടുത്താനായിട്ടുള്ളത്. ആധുനിക ജനാധിപത്യ നവോത്ഥാന ആശയങ്ങളുടെ കടന്നുവരവോടെ ആശാവഹമായ ഒരു പുത്തനുണര്‍വ് ലോകമെങ്ങും സ്ത്രീകള്‍ക്ക് കൈവന്നുവെങ്കിലും ലാഭേച്ഛയിലധിഷ്ഠിതമായ മുതലാളിത്ത സമ്പദ്ക്രമത്തിന്റെ ജീര്‍ണതയാണ് ഇന്ന് സ്ത്രീസമൂഹത്തിന്റെ നിലനില്‍പ്പ് ഏറെ പരുങ്ങലിലാക്കിരിക്കുന്നത്. മുതലാളിത്തത്തിന്റെ ജീര്‍ണമായ സംസ്‌കാരത്തിനെതിരെ ഉയര്‍ന്ന മൂല്യബോധം സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള പോരാട്ടമാണ് ഇന്നു വേണ്ടത്.