Connect with us

International

വെനിസ്വേലക്കെതിരെ യു എസ് ഉപരോധം പ്രഖ്യാപിച്ചു

Published

|

Last Updated

വാഷിംഗ്ടണ്‍: വെനിസ്വേല അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഏഴ് ഉന്നത വെനിസ്വലേന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും അമേരിക്ക തീരുമാനിച്ചു. അതേസമയം, ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ആ രാജ്യവുമായി വ്യാപാര ബന്ധം നടത്താന്‍ തടസ്സമാകില്ലെന്നും വെനിസ്വേലയിലെ ജനങ്ങളെ ഉപരോധ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനിസ്വേലയിലെ ഉദ്യോഗസ്ഥര്‍ മുമ്പും ഇപ്പോഴും അവിടുത്തെ പൗരന്‍മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുണ്ട്. അതുപോലെ പൊതു അഴിമതിയിലും ഇവര്‍ പങ്കാളികളാകുന്നു. അത്തരം നടപടികള്‍ സ്വീകാര്യമല്ല. അതുകൊണ്ട് അവരുടെ സമ്പാദ്യം മരവിപ്പിക്കാന്‍ യു എസ് തീരുമാനിച്ചിരിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു.
എന്നാല്‍ അമേരിക്കയുടെ നടപടികളെ വിമര്‍ശിച്ച് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മാദുറോ രംഗത്തെത്തി. തന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാറിനെ നിലംപരിശാക്കാനുള്ള അമേരിക്കയുടെ ഗൂഢതന്ത്രമാണ് ഇതിന് പിന്നില്‍. സര്‍ക്കാറിനെ പരാജയപ്പെടുത്തി വെനിസ്വേലയില്‍ ഇടപെടാനുള്ള സാഹചര്യത്തിനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദേശീയ ടെലിവിഷനില്‍ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലെ ഉന്നത നയതന്ത്രപ്രതിനിധികളെ വെനിസ്വേല തിരിച്ചുവിളിച്ചു. അതിനിടെ, വെനിസ്വേലക്ക് നിരുപാധികം തങ്ങളുടെ പിന്തുണയുണ്ടെന്ന് അറിയിച്ച് ക്യൂബ രംഗത്തെത്തി.

Latest