ഇന്ത്യയെക്കാള്‍ ആണവ ശക്തി പാക്കിസ്ഥാനുണ്ട്: ആണവ ശാസത്രജ്ഞര്‍

Posted on: March 11, 2015 5:35 am | Last updated: March 10, 2015 at 11:36 pm
SHARE

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ഇന്ത്യയെക്കാള്‍ ആണവ ആയുധങ്ങള്‍ ഉണ്ടെന്ന് ആണവ ശാസ്ത്രജ്ഞരുടെ ഔദ്യോഗിക രേഖ. പാക്കിസ്ഥാന് 120 ആണവായുധങ്ങള്‍ ഉണ്ടെന്നും ഇത് ഇന്ത്യയെക്കാള്‍ 10 എണ്ണം കൂടുതലാണെന്നുമാണ് രേഖയില്‍ പറയുന്നത്. ആണവ ശാസ്ത്രജ്ഞരുടെ ബുള്ളറ്റിന്‍ പുറത്ത് വിട്ട ഇന്‍ഫോഗ്രാഫ് ആണ് ഇക്കാര്യം മുന്നോട്ട് വെക്കുന്നത്.
ആദ്യത്തെ ആണവായുധ പദ്ധതിയായ മാന്‍ഹട്ടന്‍ പദ്ധതിയില്‍ സഹായിച്ചിരുന്ന ചിക്കാഗോ യൂനിവേഴ്‌സിറ്റി ശാസ്ത്രജ്ഞര്‍ 1945ല്‍ സ്ഥാപിച്ചതാണ് ബുള്ളറ്റിന്‍. ഒന്‍പത് ആണവ രാഷ്ട്രങ്ങളിലെ ആണവായുധങ്ങളുടെ ചരിത്രവും എണ്ണവും മറ്റ് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ഇന്‍ഫോഗ്രാഫിക് രൂപകലല്‍പ്പന ചെയ്തത്.
1980 ല്‍ ആണവായുധ കണക്ക് 65,000 എന്ന അതിന്റെ ഉന്നതിയിലെത്തിയിരുന്നു. ഇത് പിന്നീട് 10,000 ലേക്ക്് താഴ്ന്നു. പക്ഷെ ഇപ്പോള്‍ കൂടുതല്‍ രാജ്യങ്ങള്‍ ആണവായുധം കൈവശം വെക്കുന്ന സ്ഥിതിയുണ്ട്.
ഇന്‍ഫോഗ്രാഫിക് രേഖ പ്രകാരം യു എസിനും റഷ്യക്കും 5,000 ആണവായുധങ്ങള്‍ ഉണ്ട്. ഫ്രാന്‍സിന് 300 ഉം ചൈനക്ക് 250 ഉം ബ്രിട്ടന് 225 ഉം ഇസ്‌റാഈലിന് 80 ഉം എണ്ണം ആണ് ഉള്ളത്. നോര്‍ത്ത് കൊറിയ 2006, 2009, 2013 എന്നീ വര്‍ഷങ്ങളില്‍ മാത്രമാണ് ആണവ പരീക്ഷണം നടത്തിയത്. അമേരിക്കന്‍ ശാസ്ത്ര ഫെഡറേഷനിലെ ഹാന്‍സ് എം ക്രിസ്റ്റണ്‍സന്‍, റോബര്‍ട്ട് എസ് നോറിസ് എന്നിവരാണ് ഈ ന്യൂക്ലിയര്‍ നോട്ട്ബുക്കിന്റെ നിര്‍മാതാക്കള്‍.