കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് നൂറിലേറെ സൈനികര്‍

Posted on: March 11, 2015 6:00 am | Last updated: March 10, 2015 at 11:32 pm
SHARE

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം 108 സൈനികര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. ആത്മഹത്യ ചെയ്ത സൈനികരില്‍ 84 പേര്‍ കരസേനയില്‍ നിന്നും 24 പേര്‍ വ്യാമസേനയില്‍ നിന്നുള്ളവരുമാണ്. നാവിക സേനയില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രേഖാമൂലം മറുപടി നല്‍കി.
തുടര്‍ച്ചയായി സൈനികരെ സ്ഥലം മാറ്റുന്നതും സ്വകാര്യ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് സൈനികരുടെ ആത്മഹത്യക്ക് കാരണം. ഇതിനാല്‍ സര്‍ക്കാര്‍ സൈനികര്‍ക്ക് വേണ്ടി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ആത്മഹത്യ ചെയ്ത സൈനികരുടെ കുടുംബത്തെ പുനരധിവസിപ്പിക്കും. സൈനികരുടെ കുടുംബത്തിന് താമസിക്കാനുള്ള സൗകര്യങ്ങളൊരുക്കും. അവധി വ്യവസ്ഥകള്‍ ലഘൂകരിക്കും. കൗണ്‍സലിംഗ് നല്‍കും. സമ്മര്‍ദം കുറക്കാന്‍ സേനാ വിഭാഗത്തിന് യോഗ പരിശീലനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.