Connect with us

National

യുബര്‍ ടാക്‌സിയിലെ ബലാത്സംഗം: ഡ്രൈവര്‍ക്ക് അനുകൂലമായ വിധിക്ക് സ്റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി: യുബര്‍ ടാക്‌സിയില്‍ യുവതി പീഡനത്തിനിരയായ കേസില്‍ ആരോപണവിധേയനായ ഡ്രൈവര്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇരയടക്കമുള്ള സാക്ഷികളെ പുനര്‍വിസ്തരിക്കണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കുന്നതായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. എന്നാല്‍ ഇത്തരത്തിലുള്ള മുഴുവന്‍ നടപടികളും റദ്ദാക്കണമെന്ന് സുപ്രീം കോടതി വിധിച്ചു.
ബലാത്സംഗത്തിനിരയായ 25കാരിയെ അടക്കം 13 പേരെ പുനര്‍വിസ്താരം ചെയ്യാനായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. ഈ മാസം നാലിനായിരുന്നു ഹൈക്കോടതി വിധി. വിചാരണ കോടതിയിലെ നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഇരയുടെയോ സാക്ഷികളുടെയോ മൊഴികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ജസ്റ്റിസ് ജെ എസ് കേഹാര്‍ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് നിഷ്‌കര്‍ഷിച്ചു.
സാക്ഷികളെ വീണ്ടും വിളിപ്പിക്കാന്‍ അനുമതി നല്‍കുന്നത് കേസ് വഴിതിരിച്ചു വിടാനാണെന്നും ഇരയെ മാനസികമായി പീഡിപ്പിക്കാനാണെന്നും കേസ് വൈകിപ്പിക്കാനാണെന്നും ഇരക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.

Latest