കെ എസ് ഇ ബിക്ക് കുടിശ്ശിക 2315.89 കോടി

Posted on: March 11, 2015 5:28 am | Last updated: March 10, 2015 at 11:29 pm
SHARE

KSEB-Logoസ്വകാര്യ വ്യക്തികളുടേത് ഉള്‍പ്പെടെ ഡിസംബര്‍ 31 ലെ കണക്കുപ്രകാരം 2315.89 കോടി രൂപ കെ എസ് ഇ ബിക്ക് പിരിഞ്ഞുകിട്ടാനുണ്ടെന്ന് കെ എസ് സലീഖയെ അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 113.20 കോടിയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 0.38 കോടിയും സംസ്ഥാന പൊതുമേഖലാ- സഹകരണ സ്ഥാപനങ്ങളുടെ 909.53 കോടിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ 36.07 കോടിയും തദ്ദേശസ്ഥാപനങ്ങളുടെ 4.39 കോടിയും സ്വയംഭരണസ്ഥാപനങ്ങളുടെ 2.45 കോടിയും കുടിശ്ശിക ഉള്‍പ്പടെ 1699.90 കോടിയാണ് കിട്ടാനുള്ളത്. ഇതിനുപുറമെ സ്വകാര്യസ്ഥാപനങ്ങളും വ്യക്തികളും വരുത്തിയ കുടിശിക 615.99 കോടിയാണ്. ഇതില്‍ 333.43 കോടി വിവിധ കേസുകളില്‍പ്പെട്ട് തടസ്സപ്പെട്ടിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കെ എസ് ഇ ബിയിലെ കുടിശ്ശിക 1191.01 കോടി രൂപയായിരുന്നു. നിലവിലെ കണക്കനുസരിച്ച് വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ജലസംഭരണികളില്‍ 2592 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 2222 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 370 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം അധികമുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുതലുള്ള മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും നടപ്പാക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ എന്‍ എ ഖാദറിനെ മന്ത്രി അറിയിച്ചു. 2011 ജൂലൈ മുതല്‍ 2015 ജനുവരി 31 വരെ വൈദ്യുതി മോഷണം സംബന്ധിച്ച് 8600 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരാശരി ഒരുവര്‍ഷം 2601885 യൂനിറ്റ് വൈദ്യുതിയുടെ മോഷണം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എം ഹംസയെ മന്ത്രി അറിയിച്ചു. വൈദ്യുതി ബോര്‍ഡിന് കീഴിലുള്ള ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെും എ കെ ശശീന്ദ്രനെ മന്ത്രി അറിയിച്ചു.
പെറ്റ്‌കോക്ക് ഇന്ധനം ഉപയോഗിച്ച് 500 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപം ഫാക്ടിന്റെ കൈവശമുള്ള 150 ഏക്കര്‍ സ്ഥലം കൈമാറുന്ന കാര്യം ഫാക്ടുമായും കേന്ദ്രസര്‍ക്കാരുമായും ചര്‍ച്ച ചെയ്തുവരികയാണെന്ന്എം പി വിന്‍സന്റ്, സി പി മുഹമ്മദ് എനിവരെ മന്ത്രി അറിയിച്ചു.