Connect with us

Kerala

മത്തായിയുടെ സുവിശേഷം; അന്തിക്രിസ്തുവിന്റെ ജനനം

Published

|

Last Updated

തിരുവനന്തപുരം: ഫാദര്‍ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍. കുമ്പസാര കൂട്ടില്‍ സാക്ഷാല്‍ കെ എം മാണി. സുവിശേഷ തിരുവചന പ്രഘോഷണത്തിനിടെയുള്ള അന്തിക്രിസ്തുവിന്റെ രംഗ പ്രവേശം. എല്ലാം കൂടി ചേര്‍ന്നതോടെ നന്ദിപ്രമേയ ചര്‍ച്ചയുടെ ഒന്നാം ദിനം സംഭവ ബഹുലം. മത്തായിയുടെ സുവിശേഷം 16ാം അധ്യായം 26 വാക്യത്തിനൊപ്പം ക്രിസ്തുവിന്റെ തിരുവചനങ്ങളും ചേര്‍ത്ത് ബുള്‍ഡോസര്‍ കണക്കെയാണ് വി എസ് മാണിയെ ഇടിച്ചിട്ടത്. അന്തിക്രിസ്തുവിനെ ഇറക്കി മാണി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തെ ഭൂരിഭാഗവും അപ്പോഴേക്ക് സഭക്ക് പുറത്തായിരുന്നു. എന്തായാലും മാണിയുടെ നടപ്പുകാലം അത്ര സുഗമമല്ലെന്ന് തെളിയിക്കുന്നതായി പിന്നീടുള്ള ചര്‍ച്ചകള്‍.
ബാര്‍ കോഴയില്‍ മാണിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയമായിരുന്നു രംഗം. എസ് ശര്‍മയുടെ അവതരണവും മന്ത്രിയുടെ മറുപടിയും കഴിഞ്ഞ ശേഷമായിരുന്നു ഫാ. വി എസിന്റെ രംഗപ്രവേശം. പാര്‍ട്ടി സമ്മേളനത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മൗനത്തിന്റെ ഇടവേളയില്‍ സംഭരിച്ച ഊര്‍ജ്ജവുമായിട്ടായിരുന്നു വി എസിന്റെ വരവ്. “” ഈ ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെയെന്ത് പ്രയോജനം “” മത്തായിയുടെ സുവിശേഷം ഉദ്ധരിച്ച് മാണിയെ വി എസ് ഉപദേശിച്ചു. കള്ളത്തരവും വേണ്ടാതീനവും കാട്ടി ദീര്‍ഘകാലം മുന്നോട്ടുപോകാനാകില്ല. “കള്ളത്തരങ്ങളും മോഷണങ്ങളും നടത്തിയാല്‍ കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് മാണി പോകുന്നത് സഹിക്കാന്‍ കഴിയില്ലെന്നും വി എസ്. സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരമായി ആവശ്യപ്പെട്ട പത്ത് കോടി രൂപ ബിജു രമേശില്‍ നിന്ന് ഈടാക്കി ഇനിയുള്ള കാലം കോഴ വാങ്ങാതെ ജീവിക്കാനും മാണിയെ വി എസ് ഉപദേശിച്ചു. സീസിറിനെ കൊന്നത് കൂടെയുണ്ടായിരുന്ന ബ്രൂട്ടസ് ആയിരുന്നത് പോലെ മാണിയെ ചാടിക്കാന്‍ ചുറ്റും ചില ബ്രൂട്ടസുമാരുണ്ടെന്ന ഓര്‍മപ്പെടുത്തലും.
വി എസിന്റെ സംസാരം കഴിഞ്ഞതോടെയാണ് അന്തിക്രിസ്തു ജനിച്ച സത്യം മാണി സഭയെ അറിയിച്ചത്. ചെകുത്താന്‍ വേദമോതുന്നത് പോലെയാണിതെന്നും മാണി ക്ഷുഭിതനായി. മാണിയുടെ മാനത്തിന് പത്ത് കോടി വിലയിട്ടിട്ടും അത് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എം ചന്ദ്രന്‍. ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം മാണിയെ നോട്ടമിട്ടിരുന്നു. ഉത്തരം പറയാന്‍ മാണിയുടെ ഊഴമെത്തിയപ്പോള്‍ അനുവദിച്ചില്ല. നന്ദിപ്രമേയ ചര്‍ച്ചയിലാകട്ടെ പുതിയ ആരോപണങ്ങളും. റവന്യു റിക്കവറിക്ക് സ്റ്റേ നല്‍കിയതിന്റെ മറവില്‍ കോടികളുടെ അഴിമതി നടന്നതായി വി ശിവന്‍കുട്ടി ആരോപിച്ചു. ആധാരമായ സി ഡികള്‍ സഭയുടെ മേശപ്പുറത്തും.
അഴിമതിയുടെ പൊട്ടിയ കലത്തില്‍ അല്ല ജനങ്ങള്‍ക്ക് തേനും പാലും ഒഴുക്കേണ്ടതെന്ന് പഴയ സഹപ്രവര്‍ത്തകന്‍ കെ ബി ഗണേഷ്‌കുമാര്‍. അഴിമതി ചൂണ്ടിക്കാട്ടുന്നവരുടെ വായില്‍ പണം തിരുകി കയറ്റാന്‍ ശ്രമിക്കരുതെന്ന ഉപദേശവും. ചരിത്രത്തിലെ നാഴികക്കല്ലുകളിലൂടെ അടിവെച്ച് നീങ്ങുന്ന സര്‍ക്കാറിനെ സഭയിലെത്തിച്ച് അബ്ദുസമദ് സമദാനിയാണ് നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിച്ചത്. ആകാശങ്ങളിലെ നക്ഷത്രങ്ങളെ വേട്ടയാടി പിടിക്കാന്‍ വെമ്പുന്ന യുവാക്കള്‍ക്കൊപ്പം നീങ്ങുന്ന സര്‍ക്കാറിനെ നിറഞ്ഞ മനസോടെ അദ്ദേഹം പിന്തുണച്ചു. അതിനെ നയിക്കുന്നതാകട്ടെ സമര്‍ഥനായൊരു കപ്പിത്താന്റെ റോളില്‍ ഉമ്മന്‍ചാണ്ടിയും.
ദേശീയ ഗെയിംസ് മുതല്‍ പാറ്റൂര്‍ ഭൂമി ഇടപാട് വരെയുള്ള അഴിമതിയുടെ പട്ടിക എം ചന്ദ്രന്‍ വായിച്ചപ്പോള്‍ എസ് എന്‍ സി ലാവ്‌ലിന്‍ മുതല്‍ മെര്‍ക്കിസ്റ്റണ്‍ വരെ ഓര്‍മ്മിപ്പിച്ച് ജോസഫ് വാഴക്കന്‍ തിരിച്ചടിച്ചു.
പി സി ജോര്‍ജ്ജ്, ഡി ജി പിയെ വിമര്‍ശിക്കുമ്പോള്‍ പോലീസിന്റെ ആത്മവീര്യം ചോര്‍ന്ന് പോകുന്നതെന്ന് കെ മുരളീധരനെ അലോസരപ്പെടുത്തി. പോലീസ് എണ്ണതേപ്പിച്ച് വളര്‍ത്തിയവരുടെ കൂട്ടത്തില്‍ അല്ലാത്തതിനാല്‍ പറഞ്ഞതില്‍ നിന്ന് ജോര്‍ജ്ജ് പുറകോട്ട് പോയതുമില്ല.
സഭയില്‍ വന്ന് സര്‍ക്കാറിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശങ്ങളൊന്നും സി പി എം, സി പി ഐ സമ്മേളനങ്ങളില്‍ ചര്‍ച്ച പോലുമായില്ലെന്ന് കെ മുരളീധരന്‍. സി പി എം സമ്മേളനത്തില്‍ അച്യുതാനന്ദന്റെ ആട്ടക്കഥയായിരുന്നു. സി പി ഐ സമ്മേളനത്തിലാകട്ടെ, പാര്‍ട്ടിക്ക് മുഖ്യമന്ത്രിപദം കിട്ടേണ്ടതിന്റെ ആവശ്യകതയും.
വിഭവസമാഹരണം സംബന്ധിച്ച തിരുവള്ളൂര്‍ വചനം നയപ്രഖ്യാപനത്തില്‍ വന്നത് മാണിയുടെ സമാഹരണം ഗവര്‍ണര്‍ക്കും മനസിലായത് കൊണ്ടാണെന്ന് സി ദിവാകരന്‍ നിരീക്ഷിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആഗോളതലത്തില്‍ നേരിടുന്ന വംശനാശ ഭീഷണി കെ എന്‍ എ ഖാദര്‍ വിശദീകരിച്ചു. രണ്ടുദിവസങ്ങളിലെ ചര്‍ച്ചകള്‍ ഇന്നലെ ഒറ്റദിവസമാക്കിയതോടെ സഭ തീര്‍ന്നത് ഏറെ വൈകിയാണ്. ഇന്നലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത് 31 പേരും.

Latest