സേവാഗ്രാം നടപ്പാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് സര്‍ക്കാറിന്റെ പ്രത്യേക പരിശീലനം

Posted on: March 11, 2015 5:30 am | Last updated: March 10, 2015 at 11:03 pm
SHARE

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി തുടങ്ങുന്ന സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ നടത്തിപ്പിനായി രാഷ്ട്രീയ നേതാക്കള്‍ക്ക്് പ്രത്യേക പരിശീലനം നല്‍കുന്നു. സേവാഗ്രാം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരു വര്‍ഷമായിട്ടും പഞ്ചായത്തുകളില്‍ ഇതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങാത്തതിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ജില്ലയിലെയും രാഷ്ട്രീയ നേതാക്കളെ ബോധവത്ക്കരിക്കാന്‍ കിലയുടെ നേതൃത്വത്തില്‍ നടപടിയൊരുങ്ങുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങാന്‍ 2014 ജൂണ്‍ മാസത്തിലാണ് സര്‍ക്കാര്‍ ഉത്തരവായത്. 2015 ജനുവരി 26ന് മുന്‍പ് എല്ലാ വാര്‍ഡുകളിലും കേന്ദ്രങ്ങള്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതു നടപ്പിലാക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് പരിപാടി നടപ്പാക്കാന്‍ രാഷ്ട്രീയക്കാരുടെ സഹായം തേടാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍വഹണ കേന്ദ്രമായ കില തീരുമാനിച്ചത്. ആദ്യഘട്ടം ജില്ലാനേതാക്കള്‍ക്കും രണ്ടാം ഘട്ടം ബ്ലോക്ക്-പഞ്ചായത്ത് തല നേതാക്കള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. പ്രാദേശിക ഭരണസംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അതിന്റെ പ്രവര്‍ത്തനം താഴെ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനുമായുള്ള സേവാകേന്ദ്രത്തിന്റെ നടത്തിപ്പിന് അതാതിടങ്ങളിലെ പ്രാദേശിക രാഷ്ടീയക്കാരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പരിശീലനം നല്‍കുന്നത്.
കേരളത്തില്‍ ഒരു പഞ്ചായത്തിലെ ജനസംഖ്യ ഇരുപത്തയ്യായിരത്തോളമാണ്. ഇത് അധികാരവികേന്ദ്രീകരണം താഴെ തട്ടില്‍ എത്തിക്കുന്നതിന് ഒരു പരിധി വരെ തടസ്സമാകുന്നുണ്ട്. ഈ അന്തരം പരിഹരിക്കുന്നതിനുള്ള ചുവടുവയ്പാണ് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍. ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് പരമാവധി 25 അംഗങ്ങളുള്ള വാര്‍ഡ് വികസന സമിതിയാണ് രൂപവത്കരിക്കുക. വാര്‍ഡ് അംഗമായിരിക്കും ചെയര്‍പേഴ്‌സണ്‍. വാര്‍ഡ് സഭകളുടെ ഉപഘടകമായ ഓരോ അയല്‍സഭയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ത്രീയും ഒരു പുരുഷനും, വാര്‍ഡിലെ പൊതുസമ്മതരായ മൂന്നുവീതം സ്ത്രീകളും പുരുഷന്മാരും, പട്ടികജാതി, പട്ടികവര്‍ഗം, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്ന് ജനസംഖ്യാനുപാതികമായ പ്രതിനിധികള്‍, കര്‍ഷകര്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ മേഖലകളിലെ അഞ്ച് പ്രഗത്ഭര്‍, മുന്‍ ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരായിരിക്കും അംഗങ്ങള്‍. വാര്‍ഡിലെ ആവശ്യങ്ങള്‍ പഠിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് റിപ്പോര്‍ട്ട് നല്‍കുക, ആനുകൂല്യങ്ങള്‍ക്കുവേണ്ടി ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തുക, ഗുണഭോക്താക്കളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കുക തുടങ്ങിയവ മുതല്‍ വാര്‍ഡിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ അദാലത്ത് നടത്തുന്നതടക്കം നിരവധി ഉത്തരവാദിത്വങ്ങളാണ് വാര്‍ഡ് വികസന സമിതിക്ക് ഉണ്ടായിരിക്കുക. സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വൈകിട്ട് മൂന്നു മുതല്‍ ഏഴു വരെ പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ. ഫലത്തില്‍ ഗ്രാമസഭയുടെ സ്ഥിരം ഓഫീസായിട്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. ഇതോടെ ഗ്രാമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട ജനപങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ രാഷ്ടീയക്കാര്‍ മുഖം തിരിഞ്ഞു നിന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് പൂര്‍ണമായും അവതാളത്തിലാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു ശേഷം പുതിയ സമിതികള്‍ അധികാരമേറ്റാലുടന്‍ സേവാ കേന്ദ്രങ്ങള്‍ ഊര്‍ജ്വസ്വലതയോടെ നടപ്പിലാക്കാനാകുമെന്ന് തന്നെയാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.