Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് ഇനി ഇന്ധനം നിലയ്ക്കില്ല

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി-ഐ ഒ സി ധാരണാപത്രം ഒപ്പുവെച്ചതോടെ കെ എസ് ആര്‍ ടി സി ക്ക് ഇനി ഇന്ധനം നിലയ്ക്കില്ല. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ നിയമസഭയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന ചടങ്ങിലാണ് അഞ്ച ്‌വര്‍ഷ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇനി ഐ ഒ സിയില്‍ നിന്നും കെ എസ് ആര്‍ ടി സിക്ക് ഹൈ സ്പീഡ് ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ സുഗമമായി ലഭ്യമാകും. വായ്പാടിസ്ഥാനത്തില്‍ കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ നല്‍കുമെന്ന ഉഭയ സമ്മത പ്രകാരമുള്ള കരാറാണ് ഒപ്പു വെച്ചിരിക്കുന്നത്. ഇതു വഴി കെ എസ് ആര്‍ ടി സിക്ക് 30 കോടിയുടെ ക്രെഡിറ്റാണ് ലഭ്യമാകുന്നത്.
നിലവിലെ ഇന്ധന വിലയനുസരിച്ചുള്ള പെട്രോളിയം ഉത്പന്നം സ്വീകരിക്കുന്ന കെ എസ് ആര്‍ ടി സി ഇന്ധനം ലഭ്യമായി 15 ദിവസത്തിനു ശേഷം തുക ഐഒസിക്ക് നല്‍കിയാല്‍ മതിയെന്നതാണ് പ്രധാന സവിശേഷത. ഐ ഒ സിക്ക് കെ എസ് ആര്‍ ടി സി നല്‍കാനുള്ള മുഴുവന്‍ കടവും കൊടുത്തുതീര്‍ത്ത സാഹചര്യത്തിലാണ് കെ എസ് ആര്‍ ടിസിയുമായി കരാര്‍ ഒപ്പുവെക്കാന്‍ അവര്‍ മുന്നോട്ടുവന്നത്. കരാര്‍ അനുസരിച്ച് ഐ ഒ സി കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിലവിലുള്ള ഐ ഒ സി ബങ്കുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് പുതിയ മുഖം നല്‍കും. നിലവിലുള്ളവ ആധുനീകരിക്കുകയും അത്യാധുനീക ഉപകരണങ്ങള്‍ ലഭ്യമാക്കി സുരക്ഷയും പരിപാലനവും ഉറപ്പാക്കുകയും ചെയ്യും. കെഎസ്ആര്‍ ടി സി ജീവനക്കാര്‍ക്ക് ഡീസലിന്റെ സുരക്ഷിതമായ കൈകാര്യം ചെയ്യലും ഡിപ്പോകളില്‍ ഡീസല്‍ പരിപാലനവും സംബന്ധിച്ച് ഐഒസി പരിശീലനം നല്‍കും. ഓട്ടോ ടാങ്ക് ഗേജിംഗ്, ഓട്ടോ സ്‌റ്റോക്ക് അക്കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള യാന്ത്രികവും അത്യന്താധുനികവുമായ ഇന്ധനസംബന്ധിയായ സംവിധാനങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം ഡിപ്പോകളില്‍ നിര്‍മിക്കും.പുതുതായി ആരംഭിക്കുന്ന കെ യു ആര്‍ ടി സി, കെ എസ് ആര്‍ ടി സി അര്‍ബന്‍ ഡിപ്പോകളില്‍ സമാനമായ സൗകര്യങ്ങളും ഐ ഒ സി നിര്‍മിച്ചു നല്‍കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലും ഷാഫി പറമ്പില്‍ എം എല്‍ എയുടെ സാന്നിധ്യത്തിലും നടന്ന ചടങ്ങില്‍ ഐ ഒ സി ജനറല്‍ മാനേജര്‍ മുരളീശ്രീനിവാസനും കെ എസ് ആര്‍ ടി സി സി എം ഡി ആന്റണി ചാക്കോയും ധാരണാപത്രം ഒപ്പുവെച്ചു പരസ്പരം കൈമാറി. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു സെക്രട്ടറി ഡോ.വി എം ഗോപാലമേനോന്‍, കെ എസ് ആര്‍ ടി സി-ഐ ഒ സി ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest