Connect with us

Gulf

ഗള്‍ഫില്‍ ജീവിതോപാധി കണ്ടെത്താന്‍

Published

|

Last Updated

ജീവിതത്തിലെ ഏറ്റവും നിര്‍ണായക ദിവസങ്ങള്‍ ഒരു പക്ഷേ, ഗള്‍ഫില്‍ ജീവിതോപാധി അന്വേഷിക്കുന്ന കാലമായിരിക്കും, പലര്‍ക്കും. നാട്ടില്‍ ബിരുദ പഠനം കഴിഞ്ഞോ, തൊഴില്‍ വൈദഗ്ധ്യം നേടിയോ എത്തുന്നവരില്‍ ഭൂരിപക്ഷം പേരും ആത്മവിശ്വാസമുണ്ടെങ്കില്‍ കരുതുന്നത് എളുപ്പം ജീവിതോപാധി കണ്ടെത്താമെന്നാണ്. നിരവധി സാധ്യതകളുള്ള പ്രദേശമാണ് ഗള്‍ഫ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ചെറിയ ജോലി ചെയ്യുന്നത് പോലും ഒരു കുറച്ചിലായി ആരും കാണുന്നില്ല. അത് കൊണ്ട്, എവിടെയെങ്കിലും ഒരു പിടിവള്ളി ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു.
എന്നാല്‍, ആദ്യത്തെ പ്രതിസന്ധികള്‍ മറികടക്കാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കുറച്ചു പേരെങ്കിലും നിരാശരായി നാട്ടിലേക്ക് മടങ്ങുന്നു. ഇംഗ്ലീഷോ ഹിന്ദിയോ ഒഴുക്കോടെ സംസാരിക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. തൊഴില്‍ വൈദഗ്ധ്യവും പരിചയവും ഉണ്ടായിട്ടും ചിലര്‍ സമര്‍ഥമായ ആശയ വിനിമയം സാധ്യമാകാതെ പരാജയപ്പെടാറുണ്ട്. മറ്റു ചിലര്‍ക്ക് കാലാവസ്ഥയുമായി എളുപ്പം ഇണങ്ങാന്‍ കഴിയുന്നില്ല. നാട്ടിലെ വിശാലമായ മുറിയില്‍ നിന്ന് നഗരത്തിലെ കിടക്കയിടത്തിലേക്ക് ചുരുങ്ങുന്നത് അസഹനീയം. അതേ സമയം ക്ഷമയോടെ, കുറവുകള്‍ നികത്തി മുന്നോട്ടുപോകുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരാറില്ല. മികച്ച ഭാവിയിലേക്ക് പ്രകാശമാനമായ വാതില്‍ തുറന്നുകിട്ടും.
നാട്ടില്‍ നിന്ന് മികച്ച ബയോഡാറ്റയുമായി എത്തുന്നതാണ് ഏറ്റവും അടിസ്ഥാനമായ കാര്യം. വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍ പോലും ഏതെങ്കിലും തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പം. റസ്റ്റോറന്റുകളിലെ പാചകക്കാര്‍ക്ക് വലിയ വിദ്യാഭ്യാസം വേണമെന്നില്ല. “കൈപുണ്യം” ഉണ്ടായാല്‍ മതി. മികച്ച പാചകക്കാരനാണെന്ന് തെളിയിക്കുകയാണെങ്കില്‍ അനേകം അവസരങ്ങള്‍ ഇപ്പോഴുണ്ട്. ചിലര്‍ക്ക് അക്ഷരങ്ങള്‍ വഴങ്ങില്ലെങ്കിലും യന്ത്രങ്ങള്‍ നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. അത്തരക്കാര്‍, തന്റെ വൈദഗ്ധ്യം ശരിയാം വണ്ണം രേഖപ്പെടുത്തിയ ബയോഡാറ്റയുമായി എത്തണം. മൊബൈല്‍ ഫോണ്‍ സാങ്കേതികതയെക്കുറിച്ച് അറിയുന്നവര്‍ക്കും ധാരാളം അവസരങ്ങളുണ്ട്.
ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് യാതൊരു ഭയവും വേണ്ട. ലോകത്തിന്റെ എല്ലാ ഭാഗത്തും വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വാതില്‍ തുറന്നു വെച്ചിരിക്കുന്നു. ആത്മാര്‍ഥത ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഉയരത്തിലേക്കുള്ള ആദ്യ ചവിട്ടുപടി കടക്കാം.
മധ്യ പൗരസ്ത്യദേശത്ത് ഐ ടി, നിര്‍മാണം, ധനകാര്യം, വിദ്യാഭ്യാസം, എണ്ണ പ്രകൃതിവാതകം തുടങ്ങിയ മേഖലകളില്‍ ധാരാളം അവസരങ്ങളുണ്ടെന്ന് ഒരു സര്‍വേ വെളിപ്പെടുത്തുന്നു.
മിക്ക ഐ ടി കമ്പനികളും മികച്ച വരുമാനം നേടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ കാലമായതിനാല്‍ സാധാരണക്കാരും ഇലക്‌ട്രോണിക് സാമഗ്രികളെ ആശ്രയിക്കുന്നു. അത് കൊണ്ടുതന്നെ ഐടി-ഇലക്‌ട്രോണിക് ധാരയിലേക്ക് പല നിക്ഷേപകരും എത്തി. ഇവര്‍ക്ക് ജോലിക്കാരെ വന്‍തോതില്‍ ആവശ്യമായിവരുന്നു.
ഗള്‍ഫില്‍ മിക്ക നഗരങ്ങളിലും ഇപ്പോഴും വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ട്. അവിടെ ധാരാളം എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും ആവശ്യമാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതില്‍ ഭരണകൂടങ്ങള്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍, റോഡ് നിര്‍മാണം പോലും പ്രയാസകരമല്ല. അപൂര്‍വം ലേബര്‍ സപ്ലൈ കമ്പനികള്‍ മാത്രമെ തട്ടിപ്പുകാരായുള്ളു. നാട്ടില്‍, യുവാക്കളെ സംബന്ധിച്ചിടത്തോളം കേസില്‍ കുടുങ്ങി ജീവിതം തുലക്കുന്നതിനെക്കാള്‍ നല്ലത്, ഗള്‍ഫില്‍ ജീവിതോപാധി കണ്ടെത്തുന്നത് തന്നെയാണ്.

Latest