Connect with us

Ongoing News

ആപ്പിള്‍ വാച്ച് ഏപ്രില്‍ അവസാനം വിപണിയില്‍; വില പത്ത് ലക്ഷം വരെ

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് ഒടുവില്‍ വിപണിയിലെത്തുന്നു. ഐഫോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വാച്ചിന്റെ വില്‍പന ഏപ്രില്‍ 24 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 38 വ്യത്യസ്ത മോഡലുകളിലായി അവതരിപ്പിക്കുന്ന വാച്ചിന് 22000 രൂപ മുതല്‍ പത്ത് ലക്ഷം രൂപ വരെയാണ് വില കണക്കാക്കുന്നത്. ഏപ്രില്‍ പത്ത് മുതല്‍ വാച്ചിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ചീഫ് എക്‌സിക്യുട്ടിവ് ടിം കുക്കാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇംഗ്ലണ്ട്, യു എസ്, ഫ്രാന്‍സ്, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലാണ് വാച്ച് ആദ്യം വിപണിയില്‍ എത്തുക.

ഒന്നര ഇഞ്ച് വലിപ്പമുള്ള വാച്ചിന്റെ ഡയലും സ്ട്രാപ്പും മാറുന്നതിനനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്. അലൂമിനിയം, സ്റ്റീല്‍, സ്വര്‍ണം തുടങ്ങിയവകൊണ്ടുള്ള വ്യത്യസ്തങ്ങളായ സ്ട്രാപ്പുകള്‍ ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആപ്പിള്‍ ഐഫോണുമായി ചേര്‍ന്നാണ് ആപ്പിള്‍ വാച്ച് പ്രവര്‍ത്തിക്കുക. കാളുകള്‍ സ്വീകരിക്കുന്നതിന് പുറമെ ഫേസ്ബുക്ക് അടക്കം അത്യാവശ്യ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനും വാച്ച് വഴി സാധിക്കും. 18 മണിക്കൂറാണ് ഇതിന്റെ ബാറ്ററി ബാക്കപ്പ്. ഇത് നന്നേ കുറവാണെന്ന ആരോപണം ഇതിനകം തന്നെ ടെക് ലോകത്ത് ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഒരു ദിവസം പോലും ചാര്‍ജ് നില്‍ക്കാത്ത വാച്ച് പിന്നെ എന്തിനെന്നാണ് ആപ്പിള്‍ വിമര്‍ശകര്‍ ചോദിക്കുന്നത്.