ഉയര്‍ന്ന ജീവിത ചെലവ്: 50 ശതമാനം പ്രവാസികളും യു എ ഇ വിടാന്‍ ആഗ്രഹിക്കുന്നു

Posted on: March 10, 2015 7:47 pm | Last updated: March 10, 2015 at 7:47 pm
SHARE

PRAVASIKALഅബുദാബി: വര്‍ധിച്ചു വരുന്ന ജീവിത ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ പ്രവാസികളില്‍ 50 ശതമാനവും യു എ ഇ വിടാന്‍ ആഗ്രഹിക്കുന്നതായി സര്‍വെ. മിക്കവരും യു എ ഇയിലേക്ക് വരുന്നത് ശമ്പളത്തില്‍ നിന്നു ചെലവ് കഴിച്ച് വല്ലതും മിച്ചംവെക്കാമെന്ന ധാരണയിലാണെന്നും എന്നാല്‍ ഇത് നടക്കാത്തതാണ് ഇവരെ തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും യുഗോവിന്റെ റിസര്‍ച്ച് മാനേജര്‍ അലയ്ദ്ദിന്‍ ഗസൂആനി വ്യക്തമാക്കി.
ഇത്തരക്കാരില്‍ പലരും ഗൗരവത്തോടെയാണ് ഇക്കാര്യം ആലോചിക്കുന്നത്. നല്ലൊരു അവസരത്തിനായി മിക്കവരും പരിശ്രമിച്ചുകൊണ്ടിരിക്കയാണ്. മാധ്യമ സ്ഥാപനമായ ദ നാഷനലാണ് യുഗോവുമായി സഹകരിച്ച്് സര്‍വേ നടത്തിയത്. ജീവിതചെലവ് 22 ശതമാനമാണ് യു എ ഇയില്‍ വര്‍ധിച്ചത്. താമസത്തിന് വേണ്ടി വരുന്ന വാടകയില്‍ 19 ശതമാനം വര്‍ധനവ് സംഭവിച്ചു. ഈ സാഹചര്യത്തില്‍ ശമ്പളത്തിന്റെ 15 ശതമാനം പോലും മാറ്റിവെക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
യു എ ഇ വിടുമോയെന്ന ചോദ്യത്തിന് 17 ശതമാനം ഉറച്ച ശബ്ദത്തില്‍ അതെയെന്ന് ഉത്തരം പറഞ്ഞപ്പോള്‍ 33 ശതമാനം സാധ്യതയുണ്ടെന്നാണ് പ്രതികരിച്ചത്. 21 ശതമാനം മാത്രമാണ് യു എ ഇ വിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്. ബക്കിയുള്ളവര്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്തിയിട്ടില്ല.
സ്വദേശികളും പ്രവാസികളുമായ 1,104 പേരെ ഉള്‍പെടുത്തിയാണ് സര്‍വേ നടത്തിയത്. ജീവിത ചെലവും വാടകയിലുണ്ടായ വര്‍ധനവും മൂലം ജീവിച്ചു പോകാന്‍ പ്രയാസം നേരിടുകയാണെന്ന് അബുദാബിയില്‍ പ്രോപര്‍ട്ടി കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയായ എച്ച് ജി ഇന്റിഗ വ്യക്തമാക്കി. വാടകക്കും ജീവിത ചെലവിനും ഒപ്പം സ്‌കൂള്‍ ഫീസും വര്‍ധിച്ചത് യു എ ഇയിലെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരിക്കയാണ്. 2006-2007 കാലഘട്ടത്തില്‍ നിന്നു ഏറെ മാറിപ്പോയിരിക്കുന്നു അബുദാബി. എല്ലാ ചെലവുകളും കുത്തനെ ഉയരുമ്പോ ള്‍ അതിന് അനുസൃതമായ വര്‍ധനവ് ശമ്പളത്തില്‍ ഉണ്ടാവാത്തതാണ് ഇതിന് ഇടയാക്കുന്നത്.
യു എ ഇയില്‍ താമസിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ളവരില്‍ 67 ശതമാനവും യു എ ഇ വിടാന്‍ തയ്യാറെടുക്കുകയാണ്. വാടക, വിദ്യാഭ്യാസത്തിനുള്ള ചെലവ്, ചികിത്സ ചെലവ്, ഭക്ഷണത്തിനും വീട്ടാവശ്യത്തിനുള്ള വസ്തുക്കള്‍ക്കുമുള്ള ചെലവ് എന്നിങ്ങനെയാണ് ചെലവുകളില്‍ സംഭവിച്ചിരിക്കുന്ന ഭീമമായ വര്‍ധനവ്.
സ്‌കൂള്‍ ഫീസില്‍ സംഭവിച്ചിരിക്കുന്ന വര്‍ധനവാണ് ഏറെ വിഷമിപ്പിക്കുന്നതെന്ന് സ്വദേശിയും തലസ്ഥാനത്ത് ബ്രാന്‍ഡ് കോഓഡിനേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മായി അല്‍ ഹമേലി(26) അഭിപ്രായപ്പെട്ടു.