Connect with us

Gulf

മികച്ച ഡ്രൈവര്‍മാരെ അബുദാബി പോലീസ് ആദരിച്ചു

Published

|

Last Updated

അബുദാബി: ജി സി സി ട്രാഫിക് വാരത്തിന്റെ ഭാഗമായി മികച്ച ഡ്രൈവര്‍മാരെ അബുദാബി പോലീസ് ആദരിച്ചു. ഏറ്റവും മികച്ച പുരുഷ ഡ്രൈവര്‍, ഏറ്റവും മികച്ച പ്രത്യേക പരിചരണം ആവശ്യമുള്ള ഡ്രൈവര്‍, ഏറ്റവും മികച്ച ടാക്‌സി ഡ്രൈവര്‍, ബസ് ഡ്രൈവര്‍, ഹെവി ഡ്രൈവര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു ആദരം. ഗതാഗത ബോധവത്ക്കരണത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന വിദ്യാലയത്തെയും ആദരിച്ചിട്ടുണ്ട്. അബുദാബി പോലീസിലെ ഏറ്റവും മികച്ച പുരുഷ-വനിത പോലീസ് ഓഫീസര്‍മാരും ആദരിക്കപ്പെട്ടവരില്‍ ഉള്‍പെടും.
ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സുരക്ഷയുള്ള രാജ്യമായി മാറാനാണ് യു എ ഇ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സെയ്ഫ് അല്‍ ഷഫാര്‍ വ്യക്തമാക്കി. റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണം അഞ്ചു വര്‍ഷത്തിനിടയില്‍ ലക്ഷത്തിന് മൂന്നു ശതമാനത്തിന് താഴേക്ക് എത്തിക്കാനാണ് ആഭ്യന്തര മന്ത്രാലയം പരിശ്രമിക്കുന്നത്. ഗതാഗത സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ബോധനവത്ക്കരണ പരിപാടികളോട് ജനങ്ങളില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിങ്ങളുടെ തിരഞ്ഞെടുപ്പാണ് നിങ്ങളുടെ അസ്ഥിത്വം രൂപപ്പെടുത്തുന്നത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ അബുദാബി പോലീസുമായി സഹകരിച്ച് ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഗതാഗത സുരക്ഷയില്‍ അബുദാബിക്ക് നില മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 2010മായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം വാഹനം കയറിയുള്ള മരണങ്ങളില്‍ 54 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. മറ്റ് വാഹനാപകടങ്ങളില്‍ ഇതേ കാലത്ത് 40 ശതമാനത്തിന്റെ കുറവും ഉണ്ടായി.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ടുള്ള മരണ നിരക്കില്‍ 35 ശതമാനവും പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനവും കുറവുണ്ടാക്കാന്‍ മന്ത്രാലയം നടത്തിയ ബോധവത്ക്കരണങ്ങളിലൂടെ സാധിച്ചു. 2021 ആവുമ്പോഴേക്കും വാഹനാപകടങ്ങളില്‍ സംഭവിക്കുന്ന മരണം ലക്ഷത്തിന് മൂന്നു ശതമാനമായി കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ ഹാര്‍ത്തി വ്യക്തമാക്കി. സീറ്റ് ബെല്‍റ്റ്, അമിതവേഗം, മൊബൈല്‍ ഉപയോഗം എന്നിവയിലാണ് ഇത്തവണത്തെ ട്രാഫിക് വാരാചരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സന്ദേശം ഉള്‍പെടുത്തി ബോധവത്ക്കരണ പരിപാടികള്‍ റേഡിയോകളിലൂടെയും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest