Connect with us

National

ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭയില്‍ പാസായി

Published

|

Last Updated

Birender_Singh_2336797g

ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ ചര്‍ച്ചയില്‍ ഗ്രാമ വികസനമന്ത്രി ചൗധരി ബിരേന്ദര്‍ മറുപടി നല്‍കുന്നു

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തിനിടെ, വിവാദമായ ഭൂമിയേറ്റെടുക്കല്‍ ബില്‍ ലോക്‌സഭ പാസ്സാക്കി. രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ ലോക്‌സഭയില്‍ ശബ്ദ വോട്ടോടെ പാസ്സായത്. സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഭേദഗതികളോടെയാണ് ബില്‍ പാസ്സാക്കിയത്. 52 ഭേദഗതികളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ഇവയൊന്നും തന്നെ സഭയില്‍ പാസ്സായില്ല. വന്‍കിട പദ്ധതികള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂവുടമകളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ദുര്‍ബലമായ നിലയെങ്കിലും തിരിച്ചു കൊണ്ടുവന്നുവെന്നതാണ് പ്രധാനപ്പെട്ട ഭേദഗതി. ഭൂമിയേറ്റെടുക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ക്കങ്ങളുള്ളവര്‍ക്ക് പ്രശ്‌ന പരിഹാരത്തിനായി അതത് ജില്ലാ അധികാരികളെ സമീപിക്കാം, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഹൈക്കോടതികളില്‍ അപ്പീല്‍ നല്‍കില്ല തുടങ്ങിയ ഭേദഗതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ രൂപത്തിലുള്ള ബില്ലിനെച്ചൊല്ലി ഭരണമുന്നണിയില്‍ തന്നെ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭേദഗതികള്‍ കൊണ്ടുവന്നത്.
പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ബില്ലിനെ എതിര്‍ത്ത് എന്‍ ഡി എയിലെ പ്രധാന ഘടകകക്ഷിയായ അകാലിദളും രംഗത്തെത്തി. ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് കര്‍ഷകരുടെ സമ്മതം വാങ്ങണമെന്നത് നിര്‍ബന്ധമാക്കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്നാണ് അകാലിദള്‍ ആവശ്യപ്പെട്ടത്. എന്‍ ഡി എയിലെ ഘടകകക്ഷികളെല്ലാം ബില്ലിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു നേരത്തെ അവകാശപ്പെട്ടിരുന്നു.
കോണ്‍ഗ്രസ്, ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി, സമാജ്‌വാദി പാര്‍ട്ടി, ആര്‍ ജെ ഡി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍ ഡി എ ഘടകകക്ഷിയായ ശിവസനേ വോട്ടെടുപ്പില്‍ നിന്ന് സ്വമേധയാ വിട്ടുനിന്നു. സി പി എം നേതാക്കളായ പി കരുണാകരന്‍, എന്‍ കെ പ്രേമചന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എന്നിവര്‍ കൊണ്ടുവന്ന ഭേദഗതികള്‍ സഭ വോട്ടിനിട്ട് തള്ളി. പതിനഞ്ച് ഹെക്ടറിലധികം ഭൂമിയുള്ള ഭൂവുടമകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ പാവപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കണമെന്ന ഭേഗദതി ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് സി പി ഐയുടെ സി എന്‍ ജയദേവന്‍ ആവശ്യപ്പെട്ടു. ഇത് ശബ്ദവോട്ടോടെ തള്ളി. എന്‍ ഡി എ ഘടകകക്ഷിയായ സ്വാഭിമാന്‍ പക്ഷ ഭേഗദതി നിര്‍ദേശിച്ചെങ്കിലും നിരാകരിക്കപ്പെട്ടു.
ലോക്‌സഭയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷമുണ്ടെങ്കിലും ഘടകകക്ഷികളെ ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്നലെ നടത്തിയിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പാര്‍ലിമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു, ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദര്‍ സിംഗ് തുടങ്ങിയവര്‍ ഭൂമിയേറ്റെടുക്കല്‍ ബില്ലിലെ വ്യവസ്ഥകളും കൊണ്ടുവരുന്ന ഭേദഗതികളും എന്‍ ഡി എ ഘടകകക്ഷി നേതാക്കള്‍ക്ക് ഇന്നലെ വിശദീകരിച്ചു നല്‍കിയിരുന്നു.
ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി രംഗത്തുവന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് ബീരേന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു.
തിങ്കളാഴ്ചയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എന്‍ ഡി എക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെടുക്കുകയെന്നത് സര്‍ക്കാറിനെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ്. ബില്‍ പാര്‍ലിമെന്ററി കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.
പാര്‍ലിമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ക്കുക, കൂടുതല്‍ ഭേദഗതികള്‍ക്ക് തയ്യാറാകുക എന്നീ പോംവഴികളാണ് ഇനി കേന്ദ്ര സര്‍ക്കാറിന് മുന്നിലുള്ളത്.

---- facebook comment plugin here -----

Latest