Connect with us

National

ആലമിനെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയത് കാശ്മീരിലെ രാഷ്ട്രപതി ഭരണകാലത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസറത്ത് ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത്. കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം നിലനില്‍ക്കേയാണ് മോചനത്തിനുള്ള നീക്കങ്ങള്‍ നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ചല്ല കാശ്മീര്‍ സര്‍ക്കാര്‍ ആലമിനെ മോചിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഭയില്‍ പറഞ്ഞിരുന്നു.
കാശ്മീരില്‍ മാര്‍ച്ച് ഒന്നിന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് ആലമിനെ മോചിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളുടെ രേഖകള്‍ എന്‍ഡിടിവിയാണ് പുറത്തുവിട്ടത്. ഫെബ്രുവരി നാലിന് സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുരേഷ് കുമാര്‍ ജമ്മു ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ കത്താണ് ഇതില്‍ ഒന്ന്. ഇതില്‍ ആലമിന്റെ തടങ്കല്‍ തുടരുന്നതിന് മതിയായ പുതിയ സംഭവങ്ങളെന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മറുപടി നല്‍കിയിട്ടുണ്ട്.
അതേസമയം ബിജെപിയുടെ അനുമതിയില്ലാതെ ജമ്മുകാശ്മീരിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഇനി ബിജെപിയുമായി ആലോചിച്ച ശേഷമേ തീരുമാനിക്കൂ എന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു. ബിജെപി അനുമതിയില്ലാതെ ആരെയും വിട്ടയക്കില്ലെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.