Connect with us

Palakkad

വിശ്വജിത്തിന്റെ വീട്ടില്‍ സഹപാഠികളുടെ കാരുണ്യത്താല്‍ വൈദ്യുതിയെത്തി

Published

|

Last Updated

കൊപ്പം: അധികൃതര്‍ തിരിഞ്ഞുനോക്കാത്ത എടപ്പലം പി ടി എം യത്തീംഖാന സ്‌കൂള്‍ വിദ്യാര്‍ഥി വിശ്വജിത്തിന്റെ വീട്ടില്‍ സഹപാഠികളുടെ കാരുണ്യത്താല്‍ വൈദ്യുതിയെത്തി.
വിളയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടപ്പലം കാരേപള്ളിയാലില്‍ വടക്കേപളളിയാലില്‍ പരേതനായ രാധാകൃഷ്ണന്റെ മകനും എടപ്പലം പി ടി എം യത്തീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയുമായ വിശ്വജിത്തിന്റെ വീട്ടിലാണ് വൈദ്യുതിയെത്തിച്ച് കുട്ടികള്‍ മാതൃകയായത്. ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ട വിശ്വജിത്തും രണ്ടു പെണ്‍മക്കളുമാണ് അമ്മയും വിധവയുമായ പുഷ്പതലയോടൊത്ത് വീട്ടിലുള്ളത്.
ഗ്രാമ പഞ്ചായത്തില്‍ എല്ലാ വീടുകളിലും വൈദ്യുതിയെത്തിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും വടക്കേപള്ളിയാലില്‍ വീട് അവഗണിച്ചു. നാളിതുവരെയും വീട്ടിലെ അല്ലലും അലട്ടലും ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കിക്കഴിയുകയായിരുന്നു പുഷ്പലതയും മക്കളും.
പരീക്ഷാ നാളുകള്‍ അടുത്ത സമയം കുട്ടികളുടെ പഠനത്തെ കുറിച്ച് അധ്യാപകര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വീട്ടിലെ ദുരിത വര്‍ത്തമാനം കൂട്ടുകാരും അധ്യാപകരും അറിയുന്നത്. പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ ഇരുട്ടുമുറിയിലായിരുന്നു ഈ നിര്‍ധന കുടുംബത്തിന്റെ അന്തിയുറക്കവും കൂട്ടികളുടെ പഠനവുമെല്ലാം.
രണ്ടു പെണ്‍കുട്ടികളോടൊത്ത് ഇരുട്ടില്‍ കഴിയുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ സ്‌കൂള്‍ അധികൃതര്‍ നേരിട്ടെത്തി മനസ്സിലാക്കുകയും വീട്ടില്‍ വൈദ്യുതി എത്തിക്കാന്‍ ആവശ്യമായ കരുതലുകള്‍ നടത്തുകയുമായിരുന്നു.
സ്‌കൂളിലെ ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ തളര്‍ച്ചയിലെ തലോടല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ തന്നെ ധനശേഖരണം നടത്തി വയറിംഗ് ചെയ്തു. സി പി മുഹമ്മദ് എം എല്‍എയുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിക്കാന്‍ നടപടി സ്വീകരിക്കുകയും ഉടന്‍ വൈദ്യുതി വിതരണം ചെയ്യുകയുമായിരുന്നു. പിടിഎ പ്രസിഡന്റ് നീലടി സുധാകരന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. വിളയൂര്‍ ഗ്രാമ പഞ്ചായത്തംഗം ശ്രീജിത്. അധ്യാപകരായ മുഹമ്മദ് ഷെഫീഖ്, മുഹമ്മദ് റഫീഖ്, അബ്ദുന്നാസര്‍, പ്രസീത എന്നിവരും കെഎസ്ഇബി ഉദ്യോഗസ്ഥരും സഹപാഠികളും ചടങ്ങില്‍ പങ്കെടുത്തു.