Connect with us

Wayanad

ഒരു വര്‍ഷമായിട്ടും അന്വേഷണം ഇഴയുന്നു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ കോളിളക്കം സൃഷ്ടിച്ച കാട്ടുതീ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. 2014 മാര്‍ച്ച് 16നാണ് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലുള്‍പ്പെടെ ഏഴോളം സ്ഥലത്ത് കാട്ടുതീയുണ്ടായത്. 312 ഹെക്റ്റര്‍ വനം കത്തിനശിച്ചു.
അപൂര്‍വമായ സസ്യങ്ങളും വന്യജീവികളും അഗ്നിക്കിരയായി.കാട് കത്തി നശിച്ച് ഒരൂ വര്‍ഷമായിട്ടും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇരുട്ടില്‍ തപ്പുകയാണ്.
ആദ്യം വനംവകുപ്പും പോലിസും അന്വേഷിച്ച കേസ് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തത്. ഇതേത്തുടര്‍ന്ന് അന്വേഷണസംഘം സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിവരണശേഖരണം നടത്തുകയും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരില്‍ നിന്നു മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സൈബര്‍സെല്ലിന്റെയടക്കം സഹായവും തേടിയിരുന്നു. എന്നാല്‍, പിന്നീട് കേസില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.
ഒരേസമയം ഏഴിടത്ത് കാട്ടുതീയുണ്ടായതില്‍ ഗൂഢാലോചനയുണ്ടെന്നു കാണിച്ച് വനംവകുപ്പ് അഡീഷനല്‍ പി.സി.സി.എഫ്. യാലകി നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് സംഘത്തിന് ഗൂഢാലോചന പുറത്തുകൊണ്ടുവരാനോ തീയിട്ടതിന് പിന്നില്‍ ആരാണെന്നോ കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തില്‍ ഇയാള്‍ക്കു പങ്കില്ലെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു.
കാട്ടുതീക്ക് പിന്നില്‍ ചില സംഘടനകള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ മുതല്‍ ഉയര്‍ന്നുകേട്ടിരുന്നു. വനം, പോലിസ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ഇതുസംബന്ധിച്ച് റിപോര്‍ട്ടുകള്‍ നല്‍കിയിരുന്നതായും പറയപ്പെടുന്നു. കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളും കാടിന് തീപ്പിടിച്ചതിനു പിന്നിലുണ്ടെന്നും വിലയിരുത്തലുകളുണ്ടായിരുന്നു.
കൃഷിയിടങ്ങളില്‍ വര്‍ധിച്ചുവരൂന്ന വന്യമൃഗശല്യം തടയാന്‍ വേണ്ടി പ്രദേശവാസികള്‍ തീയിട്ടതാവാം എന്നും ആരോപണമുണ്ടായിരൂന്നു. എന്നാല്‍, കേസന്വേഷണം ഈ ദിശകളിലേക്ക് നീക്കുന്നതിനും ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളുണ്ടായിട്ടില്ല. അന്വേഷണത്തിന്റെ പ്രാഥമിക റിപോര്‍ട്ട് പോലും സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. കണ്ണൂര്‍ ഡിവൈ.എസ്.പി. പി സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
രണ്ടുമാസം മുമ്പും അന്വേഷണോദ്യോഗസ്ഥര്‍ ജില്ലയിലെത്തി ചിലരെ ചോദ്യംചെയ്തിരൂന്നു. എന്നാല്‍, ഇതുവരെ പ്രതികളെക്കുറിച്ച് സൂചനകളോ വിവരങ്ങളോ ലഭിച്ചിട്ടില്ല.