Connect with us

Malappuram

കുത്തിവെപ്പെടുക്കാതെ ജില്ലയിലെ 30,000 കുട്ടികള്‍

Published

|

Last Updated

മഞ്ചേരി: ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില്‍ വൈമനസ്യം കാണിക്കുന്നത് ആശങ്കക്കിടയാക്കുന്നു.
പുതിയ കണക്കനുസരിച്ച് ജില്ലയില്‍ മുപ്പതിനായിരത്തിലധികം കുട്ടികളില്‍ വിവിധ പ്രതിരോധ കുത്തിവെപ്പുകളെടുക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. ജില്ലയുടെ ഈ വൈമുഖ്യം കേരളത്തെ പ്രതിരോധ കുത്തിവെപ്പ് രംഗത്ത് മൂന്നാം സ്ഥാനത്തേക്ക് തള്ളി. ക്ഷയം, വില്ലന്‍ചുമ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാം പനി എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പെടുക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ തമിഴ്‌നാടും ഗോവയുമാണ് മുന്നേറിയത്. ജില്ലയിലെ കുഴിമണ്ണയില്‍ ഈയടുത്തകാലത്താണ് അഞ്ചാംപനി ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടത്. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും അകറ്റുന്നതിനായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് മാര്‍ച്ച് ഏഴ് മുതല്‍ 13 വരെ പ്രതിരോധ കുത്തിവെപ്പ് വാരാചരണം നടത്തും.
വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ രണ്ടു മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരുന്നു.
നഴ്‌സിംഗ് സ്‌കൂള്‍, അങ്കണ്‍വാടികള്‍ എന്നിവ കേന്ദ്രീകരിച്ചും ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കിയുള്ള കാര്‍ഡ് നിര്‍ബ്ബന്ധമാക്കണമെന്ന് ഐ എ പി ഭാരവാഹികളായ ഡോ. കെ കെ ജോഷി, ഡോ. ദീപു, ഡോ. എം പി കെ മേനോന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെന്റാവാക്, എം എം ആര്‍ വാക്‌സിന്‍ എന്നിവ സൗജന്യമായി നല്‍കി വരുന്നു. വയറിളക്കം, ന്യൂമോണിയ എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും ഉടന്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അറിയുന്നു. വാരാചരണത്തിന്റെ ഉദ്ഘാടനം ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ നിര്‍വ്വഹിച്ചു.

---- facebook comment plugin here -----

Latest