Connect with us

Malappuram

കുട്ടികളുടെ സംരക്ഷണം; പോലീസ് സ്റ്റേഷനുകള്‍ ഇനി ബാലസൗഹൃദം

Published

|

Last Updated

മലപ്പുറം: ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ ഒരു കുടക്കീഴില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു.
മലപ്പുറം ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി ബാലസൗഹൃദ സ്റ്റേഷനുകളായി മാറും. സംസ്ഥാനത്ത് ആദ്യമായി ജുവനൈല്‍ സംവിധാനത്തില്‍ “ചൈല്‍ഡ് കോര്‍ണര്‍” എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉടന്‍ നിലവില്‍ വരും. കുട്ടികളുമായി ബന്ധപ്പെട്ട കേസുകള്‍, പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ മികച്ച ചിട്ടയുള്ള സമയബന്ധിത സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍മാരായി ചുമതല നിര്‍വഹിക്കും. പോലീസ് സിവില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ യൂനിറ്റ് ഓരോ സ്റ്റേഷനിലും പ്രവര്‍ത്തിക്കും. ജില്ലാ ഭരണകൂടത്തിന്റെ കുട്ടികളുടെ സംരക്ഷണ യൂനിറ്റായ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (ഡി സി പി യു) ന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ സമയ കാവല്‍ ഉറപ്പാക്കാന്‍ പോലീസ് പ്രത്യേക ഊന്നല്‍ നല്‍കും.
ഓരോ പോലീസ് സ്റ്റേഷനിലെയും ചൈല്‍ഡ് കോര്‍ണറില്‍ കുട്ടികള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം. ജില്ലയിലെ എല്ലാ പോലീസ് ചൈല്‍ഡ് കോര്‍ണറിലും പ്രദര്‍ശിപ്പിക്കുന്നതിന് ലോഗോ തയ്യാറായിട്ടുണ്ട്. ലോഗോയുടെ പ്രകാശനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഡി വൈ എസ് പിമാരായ അഭിലാഷ്, പ്രദീപ്കുമാര്‍, അസൈനാര്‍, ശറഫുദ്ദീന്‍, അബ്ദുല്‍ഖാദിര്‍, ബാബുരാജ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ജില്ലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ജില്ലാ പ്രബേഷന്‍ ഓഫീസര്‍ അഹമ്മദ് അബ്ദുല്‍ റശീദ്, ചൈല്‍ഡ് ഓഫീസര്‍ സുബിന്‍ സ്‌കറിയ പങ്കെടുത്തു.
ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ വെല്‍ഫയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, ജില്ലാ ഐ സി ഡി എസ് ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ ഓഫീസര്‍, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ “വാട്‌സ് അപ്പ് ഗ്രൂപ്പ് ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിലവില്‍ വന്നിട്ടുണ്ട്.