Connect with us

Kerala

നിസാമിനെതിരെ കാപ്പ ചുമത്തി; ആറ് മാസം ജാമ്യം ലഭിക്കില്ല

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ മര്‍ദിച്ച ശേഷം കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തി. കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്) നിയമം ചുമത്തന്നതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ കലക്ടര്‍ ഒപ്പുവെച്ച ഉത്തരവ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സുശാന്തിനിക്ക് കൈമാറി. ഇതോടെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന നിസാമിന് ആറ് മാസത്തേക്ക് ജാമ്യം ലഭിക്കില്ല.

ഇവിടെയുള്ള കേസുകള്‍ കാപ്പ ചുമത്താന്‍ പര്യാപ്തമല്ല എന്നുള്ളതിനാല്‍ സംസ്ഥാനത്തിനു പുറത്തുള്ള കേസുകള്‍കൂടി പരിഗണിച്ചാണ് കാപ്പ ചുമത്തിയത്. ബെംഗളൂരുവിലേതുള്‍പ്പെടെ പതിമൂന്ന് കേസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിചാരണ കൂടാതെ ആറ് മാസം തടവില്‍ വെക്കാന്‍ കാപ്പ നിയമം അനുസരിച്ച് കഴിയും. പല കേസുകളും നിസാം ഒത്തുതീര്‍പ്പാക്കിയിരുന്നത് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറെ ആശയക്കുഴപ്പത്തിലാക്കി. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായ കേസുകള്‍ എങ്ങനെ കാപ്പ നിയമത്തില്‍ ചുമത്തുമെന്നതായിരുന്നു സംശയം. എന്നാല്‍, കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നു എന്നതുകൊണ്ട് കേസിന്റെയോ കുറ്റകൃത്യത്തിന്റെയോ ഗൗരവം കുറയുന്നില്ല എന്ന് ഹൈക്കോടതിയുടെ പരാമര്‍ശവും ഹൈക്കോടതിയിലെ അഭിഭാഷകരുടെ മറുപടിയും ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കി.
നിസാമിനെതിരെ രണ്ട് വര്‍ഷം മുമ്പ് കാപ്പ ചുമത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും കേസുകള്‍ ഒത്തുതീര്‍പ്പായതിനാല്‍ സാധിച്ചിരുന്നില്ല. 2013 എപ്രില്‍ 26നാണ് കാപ്പ ചുമത്തുന്നതിന്റെ ആദ്യപടിയായി നിസാമിന്റെ പേരില്‍ ഗുണ്ടാ ഹിസ്റ്ററി ഫയല്‍ പേരാമംഗലം സ്റ്റേഷനില്‍ തുറന്നത്. 2013 ജൂണില്‍ നല്ലനടപ്പിനായി ആര്‍ ഡി ഒ 107-ാം വകുപ്പ് പ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. ഇക്കാര്യം അറിഞ്ഞ നിസാം ഇത്തരം നടപടികള്‍ക്ക് അടിസ്ഥാനമായി ചൂണ്ടിക്കാട്ടിയ കേസ് ഒത്തുതീര്‍പ്പിലെത്തിച്ചു. ഇതോടെയാണ് പോലീസിന് ഈ നീക്കം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത്.
ഏഴ് വര്‍ഷത്തിനുള്ളില്‍ ഉള്ള കേസാണ് ഇതിനു പരിഗണിക്കുക. അഞ്ച് വര്‍ഷത്തിനു മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ വേണം. അല്ലെങ്കില്‍ മൂന്ന് കേസുകള്‍ വിചാരണയില്‍ ഉണ്ടായിരിക്കണം. ബെംഗളൂരുവില്‍ മോഡലിനെ ബലാത്സംഗം ചെയ്ത കേസും കാപ്പ ചുമത്തിയപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആളെ വണ്ടിയിടിപ്പിക്കുകയും ചോദ്യം ചെയ്തപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കേസും ഇയാള്‍ക്കെതിരെ ഉണ്ട്. വീടുകയറി ആക്രമണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ ഇതിനു പുറമെയാണ്.
പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഫെരാരി കാര്‍ ഓടിപ്പിച്ച കേസ് വിചാരണയിലാണ്. വനിതാ എസ് ഐ യെ കാറില്‍ പൂട്ടിയിട്ട കേസും കോടതിയിലാണ്. ഇത് രണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ എസ് ഐയെ പൂട്ടിയിട്ട സംഭവത്തില്‍ സ്ത്രീത്വത്തെ അവഹേളിച്ചു എന്നതാണ് കാപ്പക്ക് ബലം നല്‍കുക. പോലീസിന്റെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയതും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
കര്‍ണാടകയിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള വിചാരണക്കായി ഇന്ന് നിസാമിനെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനിരിക്കുകയാണ്. നിസാമിനെതിരെയുണ്ടായിരുന്നതും ഒതുക്കി തീര്‍ത്തതുമായി കേസുകളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest