Connect with us

Kozhikode

തൂണേരിയില്‍ നടന്നത് ആര്‍ എസ് എസ് വികാരം: പിണറായി

Published

|

Last Updated

നാദാപുരം: തൂണേരിയില്‍ നടന്നത് ആര്‍ എസ് എസ് വികാരമാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. തൂണേരി സംഭവത്തിന്റെ പേരില്‍ സി പി എമ്മുകാരെ കള്ളക്കേസ് ചുമത്തി ജയിലിലടക്കുന്നതിനെതിരെ നടത്തിയ ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത സൗഹാര്‍ദത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ചരിത്രമാണ് സി പി എമ്മിന്റെത്. ഷിബിന്റെ കൊലപാതകത്തിന് ശേഷം തൂണേരിയില്‍ നടന്ന അക്രമ സംഭവങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വികാരം മുതലെടുക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം സി പി എമ്മിന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കേണ്ട. സി പി എമ്മിന് ഒട്ടേറെ സഖാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അന്നൊന്നും കൊന്നവരുടെ മതം നോക്കി ആക്രമിക്കുന്ന പാരമ്പര്യം സി പി എം സ്വീകരിച്ചിട്ടില്ല.
ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി നടത്തിയ സമരത്തെ പൊതുസമൂഹം പിന്താങ്ങിയപ്പോള്‍ മുസ്‌ലീം ലീഗ് ഭൂ പ്രമാണിമാരെ സംരക്ഷിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി തെറ്റായ കാര്യങ്ങള്‍ നടന്നു. ഇതിനെ തുടര്‍ന്ന് ഒരു പ്രദേശത്തെയാകെ തെറ്റായി ചിത്രീകരിക്കാനിടയായി. നാദാപുരത്തിന്റെ പേര് പോലും പ്രത്യേക രീതിയില്‍ പുറത്തറിയപ്പെടാന്‍ ഇത് കാരണമായി.
സി പി എമ്മിനെതിരെ അപഹാസ്യമായ നീക്കമാണ് ലീഗ് നടത്തിയത്. മേഖലയില്‍ എന്തിനെല്ലാമോ ചില ശ്രമങ്ങള്‍ നടന്നു എന്നത് തെളിയിച്ച കാര്യമാണ്.
നരിക്കാട്ടേരിയില്‍ സ്‌ഫോടനത്തില്‍ അഞ്ച് യുവാക്കളാണ് കൊല്ലപ്പെട്ടത്. ബോംബ് നിര്‍മിച്ചത് ആരാണെന്ന് സംശയമില്ലാതെ എല്ലാവര്‍ക്കുമറിയാം. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാട് ലീഗ് ഒഴിവാക്കണം. തൂണേരിയില്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ യോജിച്ച നിലപാടാണ് സ്വീകരിക്കേണ്ടതെന്നും പിണറായി പറഞ്ഞു. പി മോഹനന്‍, വി വി ദക്ഷിണാമൂര്‍ത്തി, കെ പി കുഞ്ഞമ്മദ്കുട്ടി, വി പി കുഞ്ഞികൃഷ്ണന്‍, സി എച്ച് ബാലകൃഷ്ണന്‍ പി സതീദേവി പ്രസംഗിച്ചു.