കനാല്‍ വൃത്തിയാക്കാന്‍ പൊതുജന പങ്കാളിത്തം തേടുന്നു

Posted on: March 10, 2015 8:52 am | Last updated: March 10, 2015 at 11:52 am
SHARE

കോഴിക്കോട്: കൂറ്റിയാടി ഇറിഗേഷന്‍ പദ്ധതിയില്‍ ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാല്‍ വൃത്തിയാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പൊതുജന പങ്കാളിത്തത്തോടെയും നടത്താന്‍ തീരുമാനം.
ചേളന്നൂരില്‍ കനാല്‍ സൈഫണ്‍ തകര്‍ന്ന് കിടക്കുകയായിരുന്നു. അധികൃതരുടെ നിസംഗത മൂലം ഏറെ വൈകിയാടണ് ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്. ഇത് കാരണമായി കനാല്‍ വെള്ളം തുറന്നിട്ടും ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍ പഞ്ചായത്തുകളില്‍ വെള്ളം ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എ കെ ശശീന്ദ്രന്‍ എം എല്‍ എ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് കനാല്‍ വൃത്തിയാക്കുന്നതിന്ന് പൊതുജന പങ്കാളിത്തം തേടാന്‍ തീരുമാനം. പ്രവൃത്തി ഈ മാസം 15 ന് തുടങ്ങും.
കനാല്‍ വൃത്തിയാക്കുന്നതിന് മുമ്പ് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതില്‍ ഉള്‍പ്പെടുത്തിയ ഭാഗം വേര്‍തിരിച്ചു നല്‍കും.
പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സഘടനകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ തുടങ്ങിയവയുടെ യോഗം ഗ്രാമപഞ്ചായത്തില്‍ വിളിച്ചുചേര്‍ക്കും.
കക്കോടി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അബൂബക്കര്‍ മാസ്റ്റര്‍, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മനോജ്, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരന്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മഞ്ജുള മോവിള്ളാരി, വിവിധ രാഷ്ട്രീ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ സഘടന പ്രതിനിധികള്‍ പങ്കെടുത്തു.