മൂന്ന് യുവാക്കളുടെ മരണം പുതിയനിരത്തിനെ കണ്ണീരിലാഴ്ത്തി

Posted on: March 10, 2015 8:51 am | Last updated: March 10, 2015 at 11:52 am
SHARE

കോഴിക്കോട്: നാടിന്റെ രാഷ്ട്രീയ- സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന സുഹൃത്തുക്കളായ മൂന്ന് യുവാക്കളുടെ അപകടമരണം പുതിയനിരത്ത് പ്രദേശത്തെ കണ്ണീരിലാഴ്ത്തി.
അയല്‍വാസികളായ അനൂപും രൂപേഷും ഉറ്റസുഹൃത്തായ ഷിബിന്‍ നന്ദനുമൊന്നിച്ച് ഒരു കല്ല്യാണ വീട്ടില്‍ നിന്നുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. ഷിബിന്‍ ഡി വൈ എഫ് ഐ ചെട്ടികുളം സൗത്ത് യൂനിറ്റ് പ്രസിഡന്റും സി പി എം ബ്രാഞ്ച് അംഗവുമാണ്. അനൂപും രൂപേഷും ഡി വൈ എഫ് ഐ പുതിയനിരത്ത് വെസ്റ്റ് യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.
പൊതുപ്രവര്‍ത്തന രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന മൂവരും നാട്ടിലെല്ലാവര്‍ക്കും സുപരിചിതരാണ്. ഒരു കല്ല്യാണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേ രൂപേഷിന് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഷിബിന്റെ ബൈക്കിലായിരുന്നു യാത്ര. ബൈക്ക് പാവങ്ങാട് ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.
മരണ വിവരമറിഞ്ഞ് നിരവധി പേരാണ് ഇവരുടെ വീടുകളിലേക്ക് ഒഴികിയെത്തിയത്. അനൂപിന്റെയും രൂപേഷിന്റെയും സംസ്‌കാരം ഇന്നലെ ഉച്ചക്ക് ശേഷം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടന്നു.
യുവാക്കളുടെ മരണത്തില്‍ ആദരസൂചകമായി പുതിയനിരത്ത് അങ്ങാടിയില്‍ ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണി വരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.