Connect with us

Ongoing News

അയര്‍ലന്‍ഡിനെ ഇന്ത്യ തകര്‍ത്തു; ധവാന് സെഞ്ച്വറി

Published

|

Last Updated

ഹാമില്‍ട്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ എട്ട് വിക്കറ്റിന് തകര്‍ത്തു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 36.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണ്‍ ശിഖര്‍ ധവാന്റെ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്.
അയര്‍ലന്‍ഡിന്റെ 259ന് മറുപടിയുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ച്വറി നേടിയ രോഹിത ശര്‍മ ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ 174 റണ്‍ ചേര്‍ത്തിരുന്നു ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍. മൂന്ന് ഫോറും മൂന്ന് സിക്‌സറും അടക്കം 66 പന്തില്‍ 64 റണ്ണാണ് രോഹിത് നേടിയത്. 84 പന്തിലാണ് ധവാന്‍ സെഞ്ച്വറി തികച്ചത്. തൊട്ടടുത്ത പന്തില്‍ തന്നെ അദ്ദേഹം മടങ്ങി. തോംസന്റെ പന്തില്‍ പോര്‍ട്ടര്‍ഫീല്‍ഡ് പിടിച്ച് പുറത്താക്കുകയായിരുന്നു. 11 ഫോറും അഞ്ച് സിക്‌സറുകളും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. കോഹ്‌ലിയും രഹാനെയും കൂടുതല്‍ നഷ്ടം വരുത്താതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. തോംസനാണ് രണ്ട് വിക്കറ്റും നേടിയത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിന് വേണ്ടി 49 ഓവറില്‍ 259 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ പോര്‍ട്ടര്‍ ഫീല്‍ഡും സ്റ്റിര്‍ലിങ്ങും അയര്‍ലന്‍ഡിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സ് ചേര്‍ത്തു. പോര്‍ട്ടര്‍ഫീല്‍ഡും (67) നിയല്‍ ഒബ്രിയാനും (75) അര്‍ധ സെഞ്ച്വറി നേടി. സ്റ്റിര്‍ലിങ് 42 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റ് നേടി. ഉമേഷ്, മോഹിത്, ജഡേജ, റെയ്‌ന എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇത് ആദ്യമായാണ് ഇന്ത്യ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ എതിരാളികളെ ഓള്‍ ഔട്ടാക്കുന്നത്. ലോകകപ്പിലെ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാം സ്ഥാനക്കാരാകുമെന്ന് ഉറപ്പായി. നേരത്തെതന്നെ ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ന് അയര്‍ലന്‍ഡ് വിജയിച്ചിരുന്നെങ്കില്‍ പാകിസ്ഥാന്‍ പുറത്താകുമായിരുന്നു.

ind vs ire