മൂന്ന് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: March 10, 2015 5:06 am | Last updated: March 10, 2015 at 12:07 am
SHARE

കൊല്ലം: മൂന്ന് വയസ്സുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവ് അഞ്ചല്‍ സ്വദേശി തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുവയസ്സുള്ള കുട്ടിയും ഇയാളും രണ്ടാനമ്മ പ്രമീളക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ അമ്മത്തൊട്ടിലില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. ശിശുക്ഷേമസമിതി ഏറ്റെടുക്കുമ്പോള്‍ കുട്ടിയുടെ കൈ പൊള്ളിയ നിലയിലായിരുന്നു. വായ്ക്കുള്ളിലും മുറിവുണ്ടായിരുന്നു. ശിശുക്ഷേമസമിതി അമ്മത്തൊട്ടിലില്‍ എത്തിച്ച കുട്ടി ഇപ്പോള്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ശിശുക്ഷേമസമിതി തന്നെ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല.
കുട്ടി സംസാരിച്ചു തുടങ്ങിയശേഷം കേസെടുക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. സംഭവം വിവാദമായതോടെ സാമൂഹ്യനീതിവകുപ്പ് മന്ത്രി എം കെ മുനീര്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചല്‍ കൈപ്പള്ളി മുക്കില്‍ നിന്നും അറസ്റ്റിലായ തോമസിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു.