സഭാനാഥന്റെ സ്മരണക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് നിയമസഭാ കുടുംബം

Posted on: March 10, 2015 5:04 am | Last updated: March 10, 2015 at 12:05 am
SHARE

UDFതിരുവനന്തപുരം: അകാലത്തിന്‍ വിടപറഞ്ഞ സഭാനാഥന്റെ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് നിയമസഭാ കുടുംബം ഒത്തുചേര്‍ന്നു. ചരോമാപചാരം അര്‍പ്പിച്ച ശേഷം മറ്റുനടപടി ക്രമങ്ങള്‍ ഒഴിവാക്കി നിയമസഭ ഇന്നലെ പിരിഞ്ഞു. ചരമോപചാരം അവതരിപ്പിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ വികാരഭരിതനായാണ് സംസാരിച്ചത്. നിയമസഭയില്‍ കാലോചിതമായ മാറ്റങ്ങള്‍കൊണ്ടുവന്ന സ്പീക്കറായിരുന്നുവെന്ന് എന്‍ ശക്തന്‍ പറഞ്ഞു. സ്പീക്കറെന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സൗമ്യമായ പെരുമാറ്റത്തിലൂടെയും ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിലൂടെയും തന്റെ കര്‍മ്മമണ്ഡലത്തില്‍ സ്വതശൈലിയിലുള്ള വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതായും ശക്തന്‍ പറഞ്ഞു.

ചട്ടങ്ങളുടെ ചാട്ടവാറുകളേക്കാള്‍ സ്‌നേഹപൂര്‍വമുള്ള ശാസനകളാണ് സ്പീക്കറെന്ന നിലയില്‍ കാര്‍ത്തികേയന്‍ ഇഷ്ടപ്പെട്ടിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. ചട്ടങ്ങളുടെ ചാട്ടവാറിനേക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് സ്‌നേഹപൂര്‍ണമായ ഉപദേശ നിര്‍ദേശങ്ങളായിരുന്നു. സഭക്കുള്ളില്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ ഇടപെടല്‍ അവസാനിപ്പിച്ചതാണ് സ്പീക്കറെന്ന നിലയില്‍ അദ്ദേഹം എക്കാലവും ഓര്‍ക്കപ്പെടുക. അതിന് ശേഷവും അനിഷ്ടകരമായ സംഭവങ്ങള്‍ സഭയില്‍ ആവര്‍ത്തിച്ചപ്പോഴും അദ്ദേഹം ആ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തികഞ്ഞ ജനാധിപത്യ വാദിയായ നേതാവായിരുന്നു ജി കാര്‍ത്തികേയനെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അനുസ്മരിച്ചു. സഭക്കുള്ളില്‍ നിന്നും വാച്ച് ആന്‍ഡ് വാര്‍ഡിനെ ഒഴിവാക്കിയ വിപ്ലകരമായ തീരുമാനം ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്. പ്രതിപക്ഷത്തോട് ഇത്രയേറെ ബഹുമാനവും പരിഗണനയും കാട്ടിയിട്ടുള്ള മറ്റൊരു നേതാവും സ്പീക്കറുടെ കസേരയില്‍ ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പമുള്ളവര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്ന സാന്നിധ്യമായിരുന്നു ജി കാര്‍ത്തികേയനെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷിനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
എതിരാളികളെ ശത്രുക്കളായി കാണാന്‍ തീരെ ആഗ്രഹമില്ലാത്തയാളായിരുന്നു കാര്‍ത്തികേയനെന്ന് സി പി ഐ നിയമസഭാകക്ഷിനേതാവ് സി. ദിവാകരന്‍ ഓര്‍ത്തെടുത്തു. കോണ്‍ഗ്രസുകാരുമായി മാത്രമല്ല, കമ്മ്യൂണിസ്റ്റുകാരുമായും അവരുടെ കുടുംബങ്ങളുമായും വ്യക്തിപരമായ ഇടപെടലുകള്‍ പോലും നടത്താന്‍ കഴിവുള്ള നേതാവായിരുന്നു ജി കെയെന്ന് ദിവാകരന്‍ അനുസ്മരിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ അണുവിട ചോര്‍ന്ന് പോകാതെ, ഭരണപക്ഷത്തിന്റെ എതിര്‍പ്പുകള്‍ പോലും അവഗണിച്ച് ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനാണ് സ്ഥാനമെന്ന് സഭയില്‍ പ്രഖ്യാപിച്ച സ്പീക്കറായിരുന്നു കാര്‍ത്തികേയനെന്നും ദിവാകരന്‍ പറഞ്ഞു.കേരള നിയമസഭ കണ്ടിട്ടുള്ള സ്പീക്കര്‍മാരില്‍ അദ്വിതീയനായിരുന്നു ജി കാര്‍ത്തികേയനെന്ന് കെ എം മാണി അനുസ്മരിച്ചു. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന കാര്‍ത്തികേയന്റെ ഉയര്‍ന്ന ചിന്താഗതിക്ക് ഉദാഹരണമാണ് സഭയില്‍ നിന്ന് വാച്ച് ആന്റ് വാര്‍ഡിനെ പിന്‍വലിച്ചതെന്ന് മാത്യു ടി തോമസ് അനുസ്മരിച്ചു. ജീവിതത്തിന്റെ നന്മകൊണ്ട് കാലത്തിന്റെ മറവികളെ അതിജീവിക്കാന്‍ കഴിയുന്ന നേതാവായനരുന്നുവെന്ന് മന്ത്രി കെ പി മോഹനന്‍ അനുസ്മരിച്ചു. ചിലര്‍ മരണത്തോടെ അവസാനിക്കും. എന്നാല്‍ കാര്‍ത്തികേയന്‍ കാലത്തിന് മറക്കാന്‍ കഴിയാത്ത നേതാവായി എന്നും ജനമനസ്സുകളില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി അനൂപ് ജേക്കബ്, നിയമസഭാ കക്ഷിനേതാക്കളായ എ എ അസീസ്, ഗണേഷ് കുമാര്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവരും കാര്‍ത്തികേയനെ അനുസ്മരിച്ച് പ്രസംഗിച്ചു