ആഢ്യന്‍പാറയില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി

Posted on: March 10, 2015 2:02 am | Last updated: March 10, 2015 at 12:03 am
SHARE

rapeമലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ ആഢ്യന്‍പാറയില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായി. വെങ്ങാട് കോളനിയിലെ രണ്ട് പതിനേഴുകാരികളും ഒരു പതിനാലുകാരിയുമാണ് ലൈംഗിക ചൂഷണത്തിനിരയായത്.
പതിനേഴുകാരികളില്‍ ഒരാള്‍ ആറുമാസം ഗര്‍ഭിണിയാണ്. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തിക്കെത്തിയ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളാണ് ഇവരെ പീഡിപ്പിച്ചത്. പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുളള തിരച്ചില്‍ പോലീസ് ശക്തമാക്കി. ഇരകളുടെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സാമൂഹിക ക്ഷേമ വകുപ്പിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് നിര്‍ദേശിച്ചു. കോളനികളിലെ ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെ വനിതാസെല്‍ എസ് ഐ റസിയക്ക് സംശയം തോന്നി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയില്‍ പെണ്‍കുട്ടികളിലൊരാള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പിന്നീട് ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തി. തുടര്‍ന്ന് മഹിളാ സമഖ്യ പ്രവര്‍ത്തകര്‍ കോളനിയിലെത്തി സാഹചര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
തങ്ങള്‍ പീഡിപ്പിക്കപ്പെട്ടെന്ന തിരിച്ചറിവു പോലും പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നില്ലെന്ന് സമഖ്യ പ്രവര്‍ത്തകര്‍ പറയുന്നു. വ സാമൂഹികസുരക്ഷ തീരെയില്ലാത്ത അന്തരീക്ഷത്തില്‍ വെളളവും വെളിച്ചവും ഇല്ലാത്ത വീടുകളിലാണ് കോളനിക്കാര്‍ താമസിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ സ്ഥലത്തില്ല. കരാറുകാരില്‍ നിന്നും ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പോലീസ് ശേഖരിച്ചു.
പ്രതികളെ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു. അന്വേഷണം ശക്തമാക്കാന്‍ ജില്ലാ കലക്ടറും പോലീസിനോടാവശ്യപ്പെട്ടു. പീഡനത്തിനിരയായ മൂന്ന് പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.