Connect with us

Idukki

കൂലി കിട്ടിയില്ല, ആശുപത്രിയിലെത്തിക്കാനായില്ല; യുവതി തേയിലക്കാട്ടില്‍ പ്രസവിച്ചു

Published

|

Last Updated

ഇടുക്കി: കൂലി കിട്ടാത്തതു മൂലം ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തോട്ടം തൊഴിലാളിയായ യുവതി തേയിലക്കാട്ടില്‍ പ്രസവിച്ചു. പീരുമേട് ടീകമ്പനിയില്‍ ഗ്രൂപ്പ് ആശുപത്രി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരുവേലം അന്നമ്മ ദമ്പതികളുടെ ഇളയ മകള്‍, പളനിസ്വാമിയുടെ ഭാര്യ അജിതക്കാണ് തേയിലക്കാട്ടില്‍ പ്രസവിക്കേണ്ട ദുരവസ്ഥയുണ്ടായത്. കരുവേലത്തിന്റെയും അന്നമ്മയുടെയും കൂടെയാണ് അജിതയും പളനിസ്വാമിയും താമസിക്കുന്നത്. അജിതയുടെ അഛനും അമ്മയും പീരുമേട് ടീ കമ്പനിയിലെ സ്ഥിരം തൊഴിലാളികളാണ്. അജിത ദിവസവേതനത്തൊഴിലാളിയും. ഗര്‍ഭിണിയായതിന് ശേഷമാണ് അജിത പണിക്ക് പോകാതിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലൊരിടത്തും ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയിലായിരുന്നു ഗര്‍ഭിണിയായതു മുതല്‍ ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ രണ്ടാം തീയതി പ്രസവത്തിനായി ആശുപത്രിയിലെത്തണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം എന്നാല്‍ തോട്ടത്തില്‍ നിന്നും പണിക്കൂലി കിട്ടാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. പലരോടും പണം കടം ചോദിച്ചിട്ടും ലഭിച്ചില്ല. മകളുടെ പ്രസവാവശ്യത്തിനാണെന്നും തോട്ടത്തില്‍പണിയെടുത്ത വകയില്‍ തരാനുള്ള ശമ്പളത്തില്‍ നിന്നും കുറച്ചെങ്കിലും തരാന്‍ ആവശ്യപ്പെട്ടിട്ടും ഒരു രൂപപോലും നല്‍കിയില്ലെന്ന് അന്നമ്മ പറയുന്നു. ചെവ്വാഴ്ച വൈകിട്ട് 2000 രൂപ ഒരാളില്‍ നിന്നും കടം വാങ്ങി രാത്രിയില്‍ ആശുപത്രിയില്‍ പോകാന്‍ ശ്രമിച്ചെങ്കിലും ഒരു വണ്ടി പോലും ഇവരെ കൊണ്ടു പോകാന്‍ എത്തിയില്ല. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പ്രസവവേദന കലശലാവുകയും ഉപ്പുതറയില്‍ നിന്നും വാഹനമെത്തിച്ച് കരിന്തിരിയിലെത്തിച്ചപ്പോഴേക്കും രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. ഉച്ചത്തില്‍ നിലവിളിച്ച അജിതയെ തേയിലതോട്ടത്തില്‍ പുതപ്പ് വിരിച്ച് കിടത്തുകയും ഉടന്‍ തന്നെ അജിത പെണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.