Connect with us

Kerala

കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം പിളര്‍ന്നു

Published

|

Last Updated

കോട്ടയം: പി സി തോമസ് ചെയര്‍മാനായുള്ള കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം പിളര്‍ന്നു. സ്‌കറിയ തോമസിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ടയത്ത് ചേര്‍ന്ന് വിഭാഗം പി സി തോമസിനെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി അറിയിച്ചു. കേരളാ കോണ്‍ഗ്രസ് ചെയര്‍മാനായി സ്‌കറിയ തോമസിനെ തിരഞ്ഞെടുത്തു.
വി സുരേന്ദ്രന്‍ പിള്ളയെ വര്‍ക്കിംഗ് ചെയര്‍മാനായും കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തിരഞ്ഞെടുത്തു. ടി ഒ എബ്രഹാമാണ് പുതിയ ട്രഷറര്‍. അഭിപ്രായ ഐക്യം നിലനിര്‍ത്തി മുന്നോട്ടു പോകണമെന്ന എല്‍ ഡി എഫ് നിര്‍ദേശം പാലിക്കാന്‍ പി സി തോമസ് തയ്യാറാകാതെ വന്നതോടെയാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന് സ്‌കറിയ തോമസ് പറഞ്ഞു. മറ്റുള്ള ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര കലഹവും ചേരിപ്പോരും രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങളായാണ് കേരള കോണ്‍ഗ്രസ് കുറച്ചുനാളായി പ്രവര്‍ത്തിച്ചുവരുന്നത്.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ പി സി തോമസിനെ പങ്കെടുപ്പിക്കാന്‍ മുന്നണി നേതൃത്വം തയാറാകാതിരിക്കുകയും പാര്‍ട്ടി നേതാക്കളായ സ്‌കറിയ തോമസ്, വി സുരേന്ദ്രപിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി ചെയര്‍മാന്റെ അനുമതി ഇല്ലാതെയാണ് സ്‌കറിയ തോമസും സുരേന്ദ്രന്‍പിളളയും എല്‍ ഡി എഫ് യോഗത്തിന് പോയതെന്നാണ് തോമസിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇടതുമുന്നണി നേതൃത്വം തയാറായതുമില്ല. ഇതിനിടെ, ഇടതുമുന്നണിയില്‍ പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന അടക്കം പറച്ചിലുകള്‍ കുറച്ചുനാളുകളായുണ്ട്. മുമ്പ് കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയിലെടുക്കാന്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ പി സി തോമസിന്റെ ആശങ്ക വര്‍ദ്ധിപ്പിച്ചിരുന്നു.
മാണിയുടെ ഇടതുമുന്നണി പ്രവേശനം അടഞ്ഞ അധ്യായമായെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗത്തെ ഇടതുമുന്നണിയോട് അടുപ്പിക്കാന്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തില്‍ എല്‍ ഡി എഫില്‍ തങ്ങള്‍ക്ക് കാര്യമായ പരിഗണന ഭാവിയില്‍ ലഭിച്ചേക്കില്ലെന്ന തിരിച്ചറിവും തോമസിനും അനുയായികള്‍ക്കുമുണ്ട്. ഇത്തരം വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ബി ജെ പിയുമായി വീണ്ടുമൊരു ചങ്ങാത്തം പി സി തോമസും കൂട്ടരും ആലോചിക്കുന്നുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. മുമ്പ് ഐ എഫ് ഡി പി എന്ന പേരില്‍ എന്‍ ഡി എ സഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും, വാജ്‌പേയ് മന്ത്രിസഭയില്‍ പി സി തോമസിന് സഹമന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍ ഏതുവിധേനയും അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ശക്തമാക്കുന്ന ബി ജെ പിക്ക് സംസ്ഥാനത്ത് പരമാവധി സഖ്യകക്ഷികളെ ഒപ്പം ചേര്‍ക്കുക അത്യാവശ്യമാണ്. പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കി എന്‍ ഡി എയ്ക്ക് മതേരത്വ മുഖം നല്‍കാനും ബി ജെ പി സംസ്ഥാന ഘടകം ആലോചിക്കുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങള്‍ പരാമവധി പ്രയോജനപ്പെടുത്തി ബി ജെ പിയുമായി വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കാനുള്ള രഹസ്യചര്‍ച്ചകള്‍ പി സി തോമസ് നടത്തിയതായും അറിയുന്നു.
ഇടതുമുന്നണിയില്‍ സഖ്യകക്ഷിയായി നിന്നുകൊണ്ട് പി സി തോമസ് ബി ജെ പി നേതൃത്വവുമായി നടത്തിയ കൂടിയാലോചനകളുടെ വിശദാംശങ്ങള്‍ മുന്നണി നേതൃത്വം കാലേകൂട്ടി അറിഞ്ഞതും തോമസിനെതിരെ തിരിയാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചതായാണ് സൂചന.
ഇതുസംബന്ധിച്ച് സ്‌കറിയ തോമസ് ഇടതുമുന്നണി നേതൃത്വത്തിന് നല്‍കിയ കൃത്യമായ വിവരങ്ങളും എല്‍ ഡി എഫ് യോഗത്തില്‍ നിന്നും പി സി തോമസിനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചുവെന്നാണ് സൂചന.

---- facebook comment plugin here -----

Latest