Connect with us

Ongoing News

യൂറോപ്പില്‍ വന്‍ ജയം ലക്ഷ്യമിട്ട് റയല്‍

Published

|

Last Updated

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ റയല്‍മാഡ്രിഡ് – എഫ് സി ഷാല്‍ക്കെ, എഫ് സി പോര്‍ട്ടോ – എഫ് സി ബാസല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ചെല്‍സി-പിഎസ്ജി, ബയേണ്‍ മ്യൂണിക്-ഷാക്തര്‍ ഡോനെസ്‌ക് മത്സരങ്ങള്‍ നാളെ.
ഷാല്‍ക്കെയുടെ തട്ടകത്തില്‍ നടന്ന ആദ്യ പാദം റയല്‍ 2-0ന് ജയിച്ചിരുന്നു. അതു കൊണ്ടു തന്നെ റയലിന് ഹോംഗ്രൗണ്ടിലെ രണ്ടാം പാദത്തില്‍ വലിയ ടെന്‍ഷനില്ല. അട്ടിമറി ഒഴിവാക്കാന്‍ അല്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.
ലീഗിലേറ്റ തിരിച്ചടിയില്‍ നിന്ന് മുക്തമാകാന്‍ റയല്‍ വലിയൊരു ജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ക്രിസ്റ്റ്യാനോയും ബെന്‍സിമയും ഗാരെത്‌ബെയ്‌ലും ഉള്‍പ്പെടുന്ന മുന്‍നിരക്കാര്‍ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരുമെന്നും ഒരു മത്സരത്തില്‍ മങ്ങിയെന്ന് കരുതി അവരെ തള്ളിപ്പറയാനാകില്ലെന്നും കോച്ച് കാര്‍ലോ ആന്‍സലോട്ടി പറഞ്ഞിരിക്കുന്നു. വലിയ വിജയത്തിന് മുന്നോടിയായി ആന്‍സസലോട്ടി തന്റെ ശിഷ്യന്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയോട് 1-0ന് പരാജയപ്പെട്ട റയല്‍ ഒന്നാം സ്ഥാനം കൈവിടുകയും ചെയ്തു. ലീഗിലെ തിരിച്ചടിയുടെ ഹാംഗോവര്‍ ചാമ്പ്യന്‍സ് ലീഗില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് റയല്‍ ക്യാപ്റ്റന്‍ ഐകര്‍ കസിയസ് നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ സീസണില്‍ ഇരുപാദത്തിലുമായി 9-2ന് ഷാല്‍ക്കെയെ തുരത്തിയ റയല്‍ അത്തരമൊരു പ്രകടനം ആവര്‍ത്തിച്ചേക്കും. കാരണം, ലൂക മോഡ്രിചും സെര്‍ജിയോ റാമോസുമൊക്കെ തിരിച്ചുവരികയാണ്. നാല് മാസമായി വിശ്രമത്തിലായിരുന്നു അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ മോഡ്രിച്. ഞായറാഴ്ച പരിശീലനം നടത്തിയ റാമോസ് പക്ഷേ ഇന്ന് കളിച്ചേക്കില്ല. പരുക്ക് മാറിയ ഉടനെ റാമോസിനെ കളത്തിലിറക്കേണ്ടതില്ലെന്നാണ് കോച്ചിന്റെ തീരുമാനം.
ബാസല്‍-പോര്‍ട്ടോ ആദ്യ പാദം 1-1. എവേ ഗോളിന്റെ ആനുകൂല്യം പോര്‍ട്ടോക്കുണ്ട്.

Latest