ഇസിലിനെതിരെ സഊദി പാക് സഹായം തേടി

Posted on: March 10, 2015 5:48 am | Last updated: March 9, 2015 at 11:49 pm
SHARE

ഇസ്‌ലാമാബാദ്: അതിര്‍ത്തികളിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീഷണി തടയാന്‍ എണ്ണ സമ്പന്നമായ സഊദി അറേബ്യ പാക് സഹായം തേടി. ഒരു സാമ്പത്തിക ഇടപാട് പകരമായി വാഗ്ദാനം നല്‍കി കൊണ്ടാണ് സഊദി സഹായം തേടിയത്.
കഴിഞ്ഞ ആഴ്ച പുതിയ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് അഭൂത പൂര്‍ണമായ സ്വീകരണം സല്‍മാന്‍ രാജാവില്‍ നിന്ന് ലഭിച്ചിരുന്നു. ഈ സമയത്താണ് പ്രശ്‌നം ഇരു ഭരണാധികാരികളും ചര്‍ച്ച ചെയ്തതെന്ന് എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
പിന്തുണക്കു വേണ്ടിയുള്ള സഊദിയുടെ അഭ്യര്‍ഥന സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഊദി അതിര്‍ത്തികളില്‍ ഇസില്‍ ഭീഷണിക്കെതിരെ സുരക്ഷ ശക്തമാക്കാന്‍ സല്‍മാന്‍ രാജാവ് പാക്കിസ്ഥാന്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളെ തങ്ങളുടെ അടുത്ത സഖ്യങ്ങളായി കരുതുന്നുണ്ട്.
സല്‍മാന്‍ രാജാവും നവാസ് ശരീഫും പാക്കിസ്ഥാനും സഊദിക്കുമിടയിലുള്ള സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇസിലിനെതിരായ പോരാട്ടത്തിന് ഇസ്‌ലാമാബാദില്‍ നിന്ന് റിയാദിലേക്ക് സൈന്യത്തെ അയക്കുമെന്ന് വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പകരം പണമടവ് കൂടാതെയുള്ള എണ്ണ വിതരണമുള്‍പ്പെടെയുള്ള സാമ്പത്തിക സഹായം സഊദി പാക്കിസ്ഥാന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ നവാസ് ശരീഫ് സഊദി അറേബ്യക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.