ഇ എസ് ഐ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നീക്കം ചെറുക്കും: കെ പി രാജേന്ദ്രന്‍

Posted on: March 10, 2015 3:47 am | Last updated: March 9, 2015 at 11:47 pm
SHARE

തിരുവനന്തപുരം: ഇ എസ് ഐയുടെ പദ്ധതിയനുസരിച്ച് തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഇ എസ് ഐയുടെ പരിധിയില്‍ വരുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട രോഗചികിത്സ, അപകടം, അവശത, മരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുകയാണ്.
ദീര്‍ഘകാലമായി നടന്നുവന്നിരുന്ന സംവിധാനത്തില്‍ വരുത്തിയ പുത്തന്‍ നടപടിക്രമം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയടക്കമുള്ള ആനുകൂല്യങ്ങളില്‍ വലിയ കുറവുസംഭവിക്കുക മാത്രമല്ല അവ ലഭിക്കാന്‍ കാലതാമസം ഉണ്ടാകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ധൃതിപിടിച്ചുകൊണ്ടുവന്ന നടപടിക്രമം നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷക്കുള്ള പദ്ധതി നടപ്പിലാക്കുന്ന ഇ എസ് ഐ കോര്‍പ്പറേഷന്റെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നതും സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.