സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം മലപ്പുറത്ത്‌

Posted on: March 10, 2015 2:46 am | Last updated: March 9, 2015 at 11:47 pm
SHARE

മലപ്പുറം: ഏഴാമത് സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവം അതുല്യ കേളി ഏപ്രില്‍ 10, 11, 12 തീയതീകളില്‍ മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചു. ഫെബ്രുവരിയില്‍ നടത്താനായിരുന്നു തീരുമാനമെങ്കിലും ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ മാറ്റിവെക്കുകയായിരുന്നു. 10 ന് വൈകീട്ട് നാലിന് സാക്ഷരതാ പ്രവര്‍ത്തകരും പഠിതാക്കളും ഉള്‍പ്പെടെ 5000ത്തോളം പേര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നടക്കും. 11 ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും.14 ജില്ലകളില്‍ നിന്നുമായി സാക്ഷരതാ പദ്ധതി ഗുണഭോക്താക്കള്‍, പത്താം തരം തുല്യതാ പഠിതാക്കള്‍, പ്രേരക്മാര്‍ ഉള്‍പ്പെടെ2000 പേര്‍ പങ്കെടുക്കും. അഞ്ച് വേദികളില്‍ 54 ഇനങ്ങളിലാണ് മത്സരം.
നടത്തിപ്പിനായി ജില്ലാ പഞ്ചായത്തിന്റെ നടപ്പു വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ചെയര്‍പേഴ്‌സനും കലക്ടര്‍ കെ ബിജു ചീഫ് കോഓര്‍ഡിനേറ്ററും സംസ്ഥാന സാക്ഷരത മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.