മസ്‌റത് ആലമിന്റെ മോചനം: കേന്ദ്രത്തിന് ശക്തമായ മറുപടിയുമായി പി ഡി പി

Posted on: March 10, 2015 4:43 am | Last updated: March 9, 2015 at 11:43 pm
SHARE

ന്യൂഡല്‍ഹി: ഹുര്‍റിയത്ത് നേതാവ് മസ്‌റത് ആലമിനെ ജയില്‍ മോചിതനാക്കിയ ജമ്മു- കാശ്മീര്‍ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച കേന്ദ്ര സര്‍ക്കാറിന് ശക്തമായ മറുപടിയുമായി പി ഡി പി രംഗത്ത്. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്നും എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കേണ്ടതില്ലെന്നും പി ഡി പി വൃത്തങ്ങള്‍ പ്രതികരിച്ചു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ആലമിനെ മോചിപ്പിച്ചത് കേന്ദ്രത്തോട് അറിയിക്കാതെയും ആലോചിക്കാതെയും ആണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പി ഡി പി.
ബി ജെ പി- പി ഡി പി സര്‍ക്കാര്‍ ആലമിന്റെ കാര്യത്തില്‍ എടുത്തത് ദേശവിരുദ്ധ തീരുമാനമാണെന്ന വിമര്‍ശങ്ങളോട് പ്രതികരിക്കവേയാണ്, ഇക്കാര്യത്തില്‍ ബി ജെ പിക്കോ കേന്ദ്ര സര്‍ക്കാറിനോ പങ്കില്ലെന്ന തരത്തില്‍ മോദി പ്രസ്താവന നടത്തിയത്. ഈ വിഷയത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നും രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും മോദി പറഞ്ഞു. ഇതിനെയാണ് പി ഡി പി തള്ളിക്കളഞ്ഞത്. ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്നലെ പാര്‍ലിമെന്റില്‍ വലിയ ബഹളങ്ങളാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ 2010ലെ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളാണ് മസ്‌റത് ആലം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമര്‍ അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.