Connect with us

National

പന്നിപ്പനി; മഹാരാഷ്ട്രയില്‍ മരണം 200 കവിഞ്ഞു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 221 ആയിട്ടുണ്ട്. ഒരാഴ്ചക്കിടെ 60 പേരാണ് മരിച്ചത്. ഞായറാഴ്ച മാത്രം പത്ത് മരണം റിപ്പോര്‍ട്ട് ചെയ്തു.
എച്ച് വണ്‍ എന്‍ വണ്‍ പരിശോധനയില്‍ 120 പേര്‍ക്ക് കൂടി രോഗബാധയുണ്ടെന്ന് കണ്ടെത്തി. ഇതോടെ ജനുവരി മുതല്‍ രോഗം ബാധിച്ചവരുടെ എണ്ണം 2500 കവിഞ്ഞിട്ടുണ്ട്. പൂനെയിലും പ്രാന്തപ്രദേശങ്ങളിലും അമ്പതോളം പേര്‍ മരിച്ചിട്ടുണ്ടെന്ന് പൂനെ മൂനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. പൂനെയില്‍ അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. നാഷികിലും മുംബൈയിലും രോഗം പടര്‍ന്നുപിടിക്കുകയാണ്. പൂനെയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച 80 ശതമാനം രോഗികളുടെയും ചികിത്സ വിജയകരമായിരുന്നു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രദേശി അറിയിച്ചു.
സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ ശരാശരി വയസ്സ് 50 ആണ്. ഔറംഗാബാദ്, ലത്തൂര്‍, വാഷിം തുടങ്ങിയ മറാത്തവാഡ മേഖലയിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 120 പുതിയ രോഗബാധിതരില്‍ 35 പേരുടെയും നില അതീവഗുരുതരമാണ്. വെന്റിലേറ്ററിലാണ് ഇവര്‍ കഴിയുന്നതെന്നും ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു.

Latest