Connect with us

National

രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലപ്പത്ത് നിന്ന് ലളിത് മോദി പുറത്ത്‌

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍ സി എ) പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദിയെ പുറത്താക്കി. എതിര്‍പക്ഷത്തുള്ള അമിന്‍ പഠാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സംഘം അസാധാരണ ജനറല്‍ ബോഡി യോഗം വിളിച്ച് അവിശ്വാസ പ്രമേയം പാസ്സാക്കിയാണ് മോദിയെ പുറത്താക്കിയത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ജെ സി മഹന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രക്ഷുബ്ധാവസ്ഥയുണ്ടായി. തങ്ങളുടെ വോട്ടര്‍മാര്‍ വന്ന എതിര്‍ഗ്രൂപ്പിന്റെ സായുധ റൗഡി സംഘം ആക്രമിച്ചുവെന്ന് ആരോപിച്ച് മോദിഗ്രൂപ്പ് യോഗത്തില്‍ ബഹളമുണ്ടാക്കി. പല ജില്ലാ ഉദ്യോഗസ്ഥരെയും അപമാനിക്കുകയും ചിലരെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തില്ല. കഴിഞ്ഞ മാസം 11#ാ#ം തീയതിയിലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് കൃത്യം പതിനൊന്ന് മണിക്ക് തന്നെ അടിയന്തര യോഗം വിളിച്ചതെന്ന് ആരോഗ്യ സെക്രട്ടറിയും കായിക വകുപ്പിന്റെ ചുമതലയുമുള്ള മഹന്തി അറിയിച്ചു. ആ സമയം 33 യൂനിറ്റില്‍ 23 ജില്ലകള്‍ മാത്രമേ ഹാജരുണ്ടായിരുന്നുള്ളൂ. അഞ്ച് യൂനിറ്റുകള്‍ വിട്ടുനില്‍ക്കുകയും 17 യൂനിറ്റുകള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. ഒരു യൂനിറ്റ് മാത്രമേ എതിര്‍ത്ത് വോട്ട് ചെയ്തുള്ളൂ.
ഇത് കണക്കുകൂട്ടിയുള്ള നീക്കമാണെന്ന് മോദിഗ്രൂപ്പിലെ മുതിര്‍ന്ന അംഗം കൂടിയായ രാജേന്ദ്ര സിംഗ് റാത്തോഡ് പറഞ്ഞു. തങ്ങള്‍ക്ക് 17 ജില്ലകളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ അവര്‍ വന്ന ബസുകള്‍ ആക്രമിച്ചു. അടിയന്തര യോഗത്തില്‍ എത്താന്‍ കൃത്യ സമയം പറഞ്ഞിരുന്നില്ല. 12 മണിക്ക് വോട്ടെടുപ്പ് തുടങ്ങുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അറിയിച്ചിരുന്നു. പക്ഷെ, അകത്തേക്ക കടത്തിവിട്ടില്ല. വൈകിയെത്തിയെന്ന് ആരോപിച്ച് പുറത്ത് നിര്‍ത്തുകയായിരുന്നു. റാത്തോഡ് പറഞ്ഞു. പതിനൊന്ന് മണിക്ക് യോഗം തുടങ്ങിയെന്നും അതിന് ശേഷം ആരെയും അകത്തേക്ക് കടത്തിവിട്ടിട്ടില്ലെന്നും മഹന്തി പറഞ്ഞു.
മോദിക്ക് പുറമെ ഉപാധ്യക്ഷന്‍ മഹ്മൂദ് ആബ്ദി, സെക്രട്ടറി സുമേന്ദ്ര തിവാരി, ട്രഷറര്‍ പവന്‍ ഗോയല്‍ എന്നിവര്‍ക്കെതിരെയും അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പുതിയ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാനാവില്ല. തന്റെ ഗ്രൂപ്പിന്റെ വ്യക്തമായ വിജയമാണ് ഇതെന്ന് പഠാന്‍ പ്രതികരിച്ചു. ഹൈക്കോടതി വിധി പ്രകാരമാണ് അടിയന്തര യോഗം ചേര്‍ന്നത്. ഇതില്‍ വിവാദത്തിന് ഇടമില്ല. പുതിയ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest