Connect with us

National

മാട്ടിറച്ചി നിരോധത്തിനെതിരായ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

cow>>നിരോധം മതവിഷയമായി കാണരുതെന്ന് കോടതി

മുംബൈ: മഹാരാഷ്ട്രയിലെ മാട്ടിറച്ചി നിരോധത്തിനെതിരെ വ്യാപാരികള്‍ നല്‍കിയ ഹരജി ബോംബേ ഹൈക്കോടതി തള്ളി. മാട്ടിറച്ചി നിരോധത്തെ മതപരമായ വിഷയമായോ അഭിമാന പ്രശ്‌നമായോ ജനങ്ങള്‍ കാണരുതെന്ന് ജസ്റ്റിസുമാരായ വി എം കാനഡേ, എ ആര്‍ ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. മഹാരാഷ്ട്ര മൃഗസംരക്ഷണ ഭേദഗതി നിയമം നോട്ടിഫൈ ചെയ്ത് ഗസറ്റില്‍ ഇട്ടതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുമെന്ന് ബഞ്ച് നിരീക്ഷിച്ചു. ബോംബേ സബര്‍ബന്‍ ബീഫ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമം നോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെയോടെ സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുകയായിരുന്നു.
അതിനിടെ, ഗോവധനിരോധം സംബന്ധിച്ച് മാതൃകാ ബില്ല് തയ്യാറാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു. ഗുജറാത്ത് മാതൃകയിലുള്ള ബില്ല് തയ്യാറാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭരണഘടനയുടെ 48ാം വകുപ്പ് വ്യാഖ്യാനിച്ച് ദേശവ്യാപക നിയമം കൊണ്ടുവരാനാകുമോയെന്നാണ് സര്‍ക്കാര്‍ ആരായുന്നത്. കാര്‍ഷിക മേഖലയിലും മൃഗസംരക്ഷണ മേഖലയിലും ശാസ്ത്രീയമായ പരിഷാകരങ്ങള്‍ കൊണ്ടുവരുന്നുതിനും പുശുക്കളെയും കുട്ടികളെയും പാല്‍ തരുന്ന മൃഗങ്ങളെയും സംരക്ഷിക്കുന്നതിനും സര്‍ക്കാറിന് നടപടി സ്വീകരിക്കാമെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.
നിരോധ നിയമം ഒരു മാതൃകാ ബില്ല് ആക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കാമോയെന്ന് നിര്‍ദേശിക്കണമെന്നാണ് നിയമ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് അയച്ച കത്തില്‍ പറയുന്നത്. മാട്ടിറച്ചി നിരേധിച്ച മറ്റ് സംസ്ഥാനങ്ങളിലെ ബില്ലുകളിലെ വ്യവസ്ഥകള്‍ ചേര്‍ത്ത് മാതൃകാ ബില്ല് തയ്യാറാക്കും. ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. നിലവില്‍ ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഗോവധ നിരോധമുള്ളത്. അതിനിടെ, ഗോവധ നിരോധ ബില്ല് ഇന്നലെ ഹരിയാന നിയമസഭയില്‍ അവതരിപ്പിച്ചു.