ദിമാപൂരില്‍ സ്ഥിതി നിയന്ത്രണ വിധേയം; കൂടുതല്‍ പേര്‍ അറസ്റ്റില്‍

Posted on: March 10, 2015 5:36 am | Last updated: March 9, 2015 at 11:38 pm
SHARE

കോഹിമ: ബലാത്സംഗ കേസിലെ ആരോപണവിധേയനെ ജയിലില്‍ നിന്നിറക്കി തല്ലിക്കൊന്നതിനെ തുടര്‍ന്ന് പ്രക്ഷോഭമുണ്ടായ നാഗാലാന്‍ഡിലെ ദിമാപൂരില്‍ സ്ഥിതി നിയന്ത്രണവിധേയമായി. മൂന്ന് ദിവസത്തിന് ശേഷം കര്‍ഫ്യൂവില്‍ ഇളവ് വരുത്തുകയും കടകമ്പോളങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് 12 വരെയാണ് കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി ഐ ജി ലിറെമോ ലോത പറഞ്ഞു. വരും ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ കര്‍ഫ്യൂ വീണ്ടും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 43 ആയിട്ടുണ്ട്. ഞായറാഴ്ച മൂന്ന് മണി മുതലാണ് ദിമാപൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
ബലാത്സംഗ കേസിലെ ആരോപണവിധേയനെ മര്‍ദിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നതിനാല്‍ ശനിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ്, എസ് എം എസ്, എം എം എസ് എന്നിവ നിരോധിച്ചിട്ടുണ്ട്. യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കഴിഞ്ഞ മാസം 24നാണ് സയ്യിദ് ഫരീദ് ഖാനെ അറസ്റ്റ് ചെയ്തത്. ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഫരീദ് ഖാനെ, കഴിഞ്ഞ അഞ്ചിന് ഒരു സംഘം ജയില്‍ തകര്‍ത്ത് പിടിച്ചിറക്കി മര്‍ദിച്ച് കൊല്ലുകയായിരുന്നു. ഇയാളെ നഗ്നനാക്കിയാണ് സംഘം നഗരത്തിലൂടെ വലിച്ചിഴച്ചത്. അസമിലെ കരീംഗഞ്ച് ജില്ലക്കാരനായ ഫരീദ് ഖാനെ സ്വദേശത്ത് ഞായറാഴ്ച സംസ്‌കരിച്ചു. ബലാത്സംഗ കേസിലെ പ്രതിയല്ല ഇയാളെന്ന് അസം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.