Connect with us

Kerala

പുതുതായി മൂന്ന് നഗരസഭകള്‍ കൂടി

Published

|

Last Updated

തിരുവനന്തപുരം: പുതുതായി രൂപവത്കരിക്കപ്പെടുന്ന നഗരസഭകളുടെ പട്ടികയിലേക്ക് മൂന്നെണ്ണം കൂടി. സുല്‍ത്താന്‍ ബത്തേരി (വയനാട്), തിരൂരങ്ങാടി (മലപ്പുറം), ശ്രീകണ്ഠപുരം (കണ്ണൂര്‍) എന്നീ പഞ്ചായത്തുകളാണ് മുനിസിപ്പാലിറ്റികളാകുന്നത്. ഇതോടെ പുതുതായി വരുന്ന നഗരസഭകളുടെ എണ്ണം 31 ആകും. 28 മുനിസിപ്പാലിറ്റികള്‍ രൂപവത്കരിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഈ മൂന്ന് മുനിസിപ്പാലിറ്റികളുടെ രൂപവത്കരണം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 12 ആണ്.

കഴക്കൂട്ടം (തിരുവനന്തപുരം), കൊട്ടാരക്കര (കൊല്ലം), പന്തളം (പത്തനംതിട്ട), ഹരിപ്പാട് (ആലപ്പുഴ), ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട (കോട്ടയം), കട്ടപ്പന (ഇടുക്കി), പിറവം, കൂത്താട്ടുകുളം (എറണാകുളം), വടക്കാഞ്ചേരി- മുണ്ടത്തിക്കോട് (തൃശൂര്‍), വളാഞ്ചേരി, പരപ്പനങ്ങാടി, കൊണ്ടോട്ടി, താനൂര്‍ (മലപ്പുറം), പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് (പാലക്കാട്), കൊടുവള്ളി, മുക്കം, രാമനാട്ടുകര- ഫറോക്ക്, ചെറുവണ്ണൂര്‍ നല്ലളം, ബേപ്പൂര്‍, പയ്യോളി, എലത്തൂര്‍- തലക്കുളത്തൂര്‍ (കോഴിക്കോട്), മാനന്തവാടി (വയനാട്), കീഴൂര്‍ ചാവശ്ശേരി, പാനൂര്‍, ആന്തൂര്‍ (കണ്ണൂര്‍) എന്നിവയാണ് നേരത്തെ മുനിസിപ്പാലിറ്റികളാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതിന് പുറമെയാണ് മൂന്നെണ്ണം കൂടി ഉള്‍പ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ രൂപവത്കരിക്കുന്നത് സംബന്ധിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചവരില്‍ നിന്നും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഈ മാസം 16 വരെ വെള്ളയമ്പലത്തുള്ള പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ജില്ലാടിസ്ഥാനത്തില്‍ നേരില്‍ കേള്‍ക്കും. പഞ്ചായത്ത് രൂപവത്കരണം സംബന്ധിച്ച് ഇന്ന് തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളെയും നാളെ ഇടുക്കി, കോട്ടയം, ആലപ്പു ഴ, പത്തനംതിട്ട ജില്ലകളെയും 12ന് കൊല്ലം, മലപ്പുറം, ജില്ലകളെയും നേരില്‍ കേള്‍ക്കും.
മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളുടെയും രൂപവത്കരണം സംബന്ധിച്ച് 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളെയും 16ന് മലപ്പുറം, ക ണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ്, എറണാകുളം ജില്ലകളെയും നേരില്‍ കേള്‍ക്കും. ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച വ്യക്തികള്‍ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന നേരില്‍ കേള്‍ക്കലിനായി ഹാജരാകണം.

Latest