Connect with us

Kerala

മൃഗങ്ങള്‍ക്ക് പാര്‍ക്കാന്‍ കോടികളുടെ കൂട്‌

Published

|

Last Updated

>>സിഡ്‌കോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അവ്യക്തതയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കഴുതപ്പുലിക്ക് താമസിക്കാന്‍ 1.23 കോടിയുടെ കൂട്. കേഴമാനിനാണെങ്കില്‍ 1.04 കോടി. ബ്ലൂ ബുള്ളിന് 1.18ഉം. കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്‍ (സിഡ്‌കോ) മൃഗശാലയിലെ മൃഗങ്ങള്‍ക്ക് കൂടുകള്‍ നിര്‍മിക്കാനായി തയ്യാറാക്കിയ എസ്റ്റിമേറ്റിലെ കണക്കുകളാണിവ.

നഗരത്തില്‍ ഒരു അപാര്‍ട്‌മെന്റോ ഹൗസിംഗ് സമുച്ചയമോ നിര്‍മിക്കുന്നതിനേക്കാള്‍ ചെലവാണ് കൂട് നിര്‍മാണത്തിനായി കാണിച്ചിരിക്കുന്നത്. ചെലവ് കേട്ടാല്‍ വല്ല മൃഗങ്ങളായും ജനിച്ചാല്‍ മതിയായിരുന്നെന്ന് തോന്നിപ്പിക്കുമെങ്കിലും കൂടുകളുടെ നിര്‍മാണം സംശയം ജനിപ്പിക്കുകയാണ്.
മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായി പൂര്‍ണമായും പ്രകൃതിദത്ത രീതിയില്‍ നിര്‍മിക്കുന്നതിനാലാണ് ഇത്രയും ചെലവ് വരുന്നതെന്നാണ് മ്യൂസിയം ഡയരക്ടറുടെ പ്രതികരണം.
ശ്രീലങ്കയില്‍നിന്ന് കൊണ്ടുവന്ന അനാക്കോണ്ടക്ക് രണ്ട് കോടി രൂപ ചെലവിലാണ് കൂട് നിര്‍മിക്കുന്നത്. കുറുക്കന് വേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് 91.6 ലക്ഷം രൂപയുടെ കൂടാണ്. കൂടാതെ, മലബാര്‍ ജയന്റ് വിഭാഗത്തി ല്‍പ്പെട്ട അണ്ണാന് വേണ്ടി ഉദ്ദേശിക്കുന്നത് 50 ലക്ഷത്തിന്റെ കൂടും. ഇത്രയും ചെലവേറിയ കൂടുകള്‍ നിര്‍മിക്കുന്നതിനെച്ചൊല്ലി മൃഗശാലാ വകുപ്പില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കി എന്നതല്ലാതെ ഓരോ കൂടിന്റെയും നിര്‍മാണം സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. മൊത്തം ചെലവും അതിനുള്ള ഭരണാനുമതിയും മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൃഗശാലയില്‍ സാധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ടെന്‍ഡര്‍ വിളിച്ച ശേഷം ഏറ്റവും കുറഞ്ഞ തുകക്ക് ക്വാട്ട് ചെയ്യുന്ന കമ്പനികളെ തിരഞ്ഞെടുത്ത് നിര്‍മാണാനുമതി നല്‍കുകയാണ് ചെയ്യുന്നത്.
മൃഗശാലയില്‍ സിഡ്‌കോ നടത്തിയിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏറെ അവ്യക്തതകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. 2013- 14 കാലയളവില്‍ മൃഗശാലയിലെ വിവിധ ജോലികള്‍ക്കായി 6.43 കോടി രൂപയാണ് സിഡ്‌കോ അനുവദിച്ചത്. അതേസമയം, ജോലി സംബന്ധിച്ച് സിഡ്‌കോ വിശദമായ ബില്ലുകളൊന്നും നല്‍കിയിട്ടില്ല. സാധാരണ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായതിന്റെ അനേകം മടങ്ങ് തുക എസ്റ്റിമേറ്റ് ചെയ്ത സാഹചര്യത്തില്‍ നിര്‍ബന്ധമായും വിശദമായ ബില്ല് സമര്‍പ്പിക്കേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ആവശ്യമായതിനേക്കാള്‍ കൂടു തല്‍ തുകക്കാണ് സിഡ്‌കോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സംശയമുണ്ട്. നടത്തിയിട്ടില്ല എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം, പി ഡബ്ല്യൂ ഡി നിരക്കില്‍ത്തന്നെയാണ് സിഡ്‌കോ നിര്‍മാണ ജോലികള്‍ നടത്തിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല.
ടെന്‍ഡര്‍ വിളിച്ച ശേഷമാണ് കോണ്‍ട്രാക്ടര്‍മാരെ ജോലികള്‍ ഏല്‍പ്പിച്ചതെന്നാണ് സിഡ്‌കോയുടെ വിശദീകരണം. മാത്രമല്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സാധാരഗതിയില്‍ എല്ലാ കമ്പനികളും സര്‍വീസ് ചാര്‍ജ് ഈടാക്കാറുണ്ടെന്നും മൃഗശാലയുടെ കാര്യത്തില്‍ ഇത് ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് സിഡ്‌കോയുടെ ന്യായം.

Latest