കരിപ്പൂരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും

Posted on: March 10, 2015 6:00 am | Last updated: March 9, 2015 at 11:12 pm
SHARE

SIRAJ.......കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ്. റണ്‍വേയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അത് പരിഹരിക്കാനെന്ന പേരിലാണ് നിയന്ത്രണമെങ്കിലും, പുനര്‍നിര്‍മാണത്തിന് തിരഞ്ഞെടുത്ത സമയം സന്ദേഹങ്ങള്‍ക്കിടം നല്‍കുന്നു. മെയ് മുതല്‍ ഒന്നര വര്‍ഷത്തേക്ക് ഉച്ചക്ക് 12നും രാത്രി എട്ടിനുമിടയില്‍ വലിയ വിമാനങ്ങള്‍ക്കാണ് നിയന്ത്രണം. ഇതനുസരിച്ചു ഗള്‍ഫ് യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന എമിറേറ്റ്‌സ് എയര്‍ ലൈന്‍സും സഊൗദി എയര്‍ ലൈന്‍സും എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളും കരിപ്പൂരിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവരും. കേരളത്തിലെയും ഗള്‍ഫിലെയും സ്‌കൂള്‍ അവധിക്കാലവും റമസാനും പെരുന്നാളും ഓണവും മറ്റും കണക്കിലെടുത്ത് മലയാളികള്‍ ഗള്‍ഫ് നാടുകളിക്കേും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന കാലമാണിത്. ഹജ്ജ് യാത്ര ആരംഭിക്കുന്നതും ഒക്‌ടോബര്‍ പകുതിയോടെയാണ്. ഉംറ യാത്രകളും സജീവമാണ്. വിമാനത്താവളത്തില്‍ നിയന്തരണമേര്‍പ്പെടുത്തുമ്പോള്‍ ഇത്തവണ മലബാറില്‍ നിന്നുള്ള ഹജ്ജ് യാത്രികര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തെയോ കോയമ്പത്തുരിനെയോ മംഗലാപുരത്തെയോ ആശ്രയിക്കേണ്ടിവരും. ഹജ്ജ് ഹൗസ് കരിപ്പൂരായതിനാല്‍ യാത്രക്കാര്‍ക്ക് മാത്രമല്ല, ഹജ്ജ് കമ്മിറ്റിക്കും ഇത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. ഇക്കാരണത്താല്‍ കാലങ്ങളായി ഈ വിമാനത്താവളത്തോട് അധികൃതര്‍ തുടര്‍ന്നുവരുന്ന അവഗണനയുടെ ഭാഗമാണ് പുതിയ നിയന്ത്രണമെന്ന ആരോപണം പാടേ തള്ളിക്കളയാനാകില്ല.
റണ്‍വേയില്‍ 54 സ്ഥലങ്ങളില്‍ വിള്ളലുകളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ഒറ്റയടിക്ക് പ്രത്യക്ഷപ്പെട്ടതല്ല. വിള്ളലുകള്‍ കണ്ടുതുടങ്ങിയ ഉടനെത്തന്നെ നടപടി സ്വീകരിക്കുകയും റണ്‍വേ ബലപ്പെടുത്താനുള്ള ജോലികള്‍ ആരംഭിക്കുകയും ചെയ്തിരുന്നെങ്കില്‍, കുറഞ്ഞ കാലയളവിനുള്ളല്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധമേര്‍പ്പെടുത്താതെ തന്നെ പ്രശ്‌നം പരിഹരക്കാമായിരുന്നു. അന്ന് ഇക്കാര്യത്തില്‍ ഉദാസീനത കാണിച്ചു വിള്ളലുകളുടെ എണ്ണം 54 ആകുന്നതുവരെ കാത്തിരുന്ന ശേഷം സീസണ് തൊട്ടുമുമ്പ് പണികള്‍ ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നിലെ ‘ബുദ്ധികേന്ദ്ര’ങ്ങളെ കണ്ടെത്തേണ്ടതുണ്ട്. മാത്രമല്ല, നവീകരണ ജോലികള്‍ ഒക്‌ടോബര്‍ മുതലാണ് ആരംഭിക്കുന്നത്. വലിയ വിമാനങ്ങള്‍ക്ക് മെയ് മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത് അതിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണത്രേ. അത്യന്താധുനിക നിര്‍മാണ സംവിധാനങ്ങളുള്ള ഇക്കാലത്ത് മുന്നൊരുക്കങ്ങള്‍ക്കായി അഞ്ച് മാസം മുമ്പേ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടതുണ്ടോ? ശരിയായ ആസൂത്രണമുണ്ടെങ്കില്‍ സമയക്രമത്തിലൂടെ വലിയ വിമാനങ്ങളെ തടയാതെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തി, ഹജ്ജ് സീസണ്‍ കഴിഞ്ഞ ഉടനെ നിര്‍മാണ ജോലികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മലബാറുകാരുടെ നീണ്ടകാലത്തെ മുറവിളിക്കുശേഷമാണ് കരിപ്പൂരില്‍ വിമാനത്താവളം സ്ഥാപിതമാകുന്നത്. മുന്‍കാലങ്ങളില്‍ കേരളീയര്‍ വിദേശ യാത്രക്ക് കൂടുതലും ആശ്രയിച്ചിരുന്ന മുംബൈ, മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവള ലോബികള്‍ അന്ന് മുതലേ കരിപ്പൂരിനെതിരെ കരുക്കള്‍ നീക്കുന്നുണ്ട്. വര്‍ഷത്തില്‍ 20 ലക്ഷത്തിലധികം യാത്രക്കാരുള്ള കരിപ്പൂരിനെ തഴഞ്ഞു അഞ്ച് ലക്ഷത്തില്‍ താഴെ മാത്രം യാത്രക്കാരുള്ള കായമ്പത്തൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്രപദവി നല്‍കാനുള്ള നീക്കം ഇതിന്റ ഭാഗമായിരുന്നു. ഇന്നിപ്പോള്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്ക്, കോയമ്പത്തൂരിന് പ്രയോജനകരമാക്കാനുള്ള ചരടുവലി സജീവമാണ്. കരിപ്പൂരിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുന്ന വിമാനങ്ങളെ കോയമ്പത്തൂരിലക്ക് തിരിച്ചു വിടാനാണ് ആലോചനയെന്നാണ് വിവരം. മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാന്‍ പറ്റുന്ന വിമാനത്താവളമെന്ന നിലയില്‍ താത്കാലിക സജ്ജീകരണെന്ന പേരിലാണ് ഈ നീക്കമെങ്കിലും, ഇതുവഴി കോയമ്പത്തുരിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടാകുകയും പ്രസ്തുത വിമാനത്താവളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ഭാവിയില്‍ കരിപ്പൂരിന് ഇടിവ് സംഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു അവരുടെ അഭിപ്രായവും യാത്രക്കാരുടെ താത്പര്യവും കണക്കിലെടുത്താണ് സാധാരണഗതിയില്‍ അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുള്ളത്. കരിപ്പൂരില്‍ അതൊന്നുമുണ്ടായില്ലെന്നു മാത്രമല്ല, റണ്‍വേ ബലപ്പെടുത്തല്‍ ജോലി ഒരു വര്‍ഷം മുമ്പേ തീരുമാനിച്ചിട്ടും, വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവരം കാലേക്കൂട്ടി പ്രഖ്യാപിക്കുക പോലുമുണ്ടായില്ല. ഇതുമുലം നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ അധികതുക നല്‍കി പുതുതായി ടിക്കറ്റെടുക്കേണ്ട ഗതികേടിലാണിപ്പോള്‍. യാത്രക്കാരുടെ വര്‍ധനവിനനുസരിച്ചു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ വികസനം മുരടിച്ചു നില്‍ക്കുന്ന കരിപ്പൂരില്‍, നവീകരണത്തിന്റെ പേരില്‍ നടക്കുന്ന പുതിയ ചരടുവലികള്‍ക്കെതിരെ മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും മലബാര്‍ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ജാഗരുകരാകേണ്ടതുണ്ട്.