Connect with us

Articles

പാട്രിസൈഡും പാട്രിപാഷനും

Published

|

Last Updated

ആദ്യം പിതാവിനെ കൊല്ലുക, പിന്നെ അതേ പിതാവിനെ തന്നെ പൂജിക്കുക. ഇതിലാദ്യത്തേതിന് പാട്രിസൈഡ് എന്നും മറ്റേതിന് പാട്രിപാഷന്‍ എന്നും പറയുന്നു. പിതാവിനെ കൊന്ന് മാതാവിനെ വേള്‍ക്കേണ്ടവന്ന ഈഡിപ്പസ് രാജാവിന്റെ ദുരന്തകഥയെ അവംലംബിച്ച് സിഗ്മണ്ട് ഫ്രോയിഡ് സമര്‍ഥിച്ച ഈഡിപ്പസ് കോംപ്ലക്‌സ് എന്ന മനഃശാസ്ത്ര സിദ്ധാന്തം ഈ തത്വത്തിലാണ് വേറുറപ്പിച്ചിരിക്കുന്നത്. ഈയിടെയിയി ഇത് നമ്മുടെ രാഷ്ട്രീയ ചക്രവാളത്തില്‍ ധൂമകേതുപോലെ ഉദിച്ചുയര്‍ന്നുനില്‍ക്കുന്നു. നരേന്ദ്ര മോദി ഒന്നേകാല്‍ കോടി രൂപക്കു ലേലംചെയ്തു വിറ്റ കോട്ട്‌വിവാദം, ഇവിടുത്തെ ദളിതര്‍ അവരുടെ ഏക പിതാവായി കരുതി ആദരിച്ചുപോന്ന അംബേദ്കറെ പണ്ടേ തങ്ങള്‍ പൂജിച്ചുപോന്നു എന്ന ആര്‍ എസ് എസ്സിന്റെ അവകാശവാദം, വി എസ് അച്യുതാനന്ദന്റെ ഇറങ്ങിപോക്ക്, നേതൃസ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കാരണവന്മാരെ ചെവിക്കുപിടിച്ചു പുറത്താക്കി കസേരകളില്‍ ഇടിച്ചുകയറണം എന്ന വി ഡി സതീശന്‍ കെ എസ് യു വിലെ കുഞ്ഞനുജന്മാര്‍ക്ക് നല്‍കിയ ഉപദേശം, രാഹുല്‍ ഗാന്ധിയുടെ ഒളിച്ചുപോക്ക് ഈ വക സമകാലിക രാഷ്ട്രീയ സംവാദങ്ങളിലെല്ലാം ഈ പാട്രിസൈഡും പാട്രിപാഷനും അന്തര്‍ലീനമായിട്ടുണ്ടെന്ന് കാണാം.
രാഷ്ട്രം പിറന്നു വീണതുതന്നെ രാഷ്ട്രപിതാവിനെ കൊന്നു രക്തസാക്ഷി പട്ടം നല്‍കി ആദരിച്ചുകൊണ്ടാണല്ലോ. ഗാന്ധിജിയെ ഒരുകൂട്ടം ദേശീയവാദികള്‍ നാക്കുകൊണ്ട് പ്രശംസിച്ചു. മറ്റൊരുക്കൂട്ടര്‍ തോക്കുകൊണ്ട് കൊന്നു. രണ്ടും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. നിങ്ങള്‍ ഒരു വ്യക്തിക്കുമേല്‍ അമിതപ്രശംസ ചൊരിയുന്നത് അയാളെ കൊല്ലുന്നതിന് സമമാണ്. രാഷ്ട്രപിതാവിന്റെ നെഞ്ചിനു നേരെ കാഞ്ചി വലിച്ച ഗോഡ്‌സെക്ക് അമ്പലം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുന്നു. ഗോഡ്‌സെ എന്ന വാക്കിനെ ഗോഡ്-സേ എന്ന് പിരിച്ചെഴുതി ദൈവിക പരിവേഷം നല്‍കി. എന്തുതന്നെയായാലും ഒരു പിതൃബിംബത്തെ കൂടാതെ ഇന്ത്യാക്കാര്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഗാന്ധിജിയുടെ മാനസപുത്രന്‍ എന്ന നിലയില്‍ അധികാരം കൈയാളിയ നെഹറു ആയിരുന്നു പിന്നീടങ്ങോട്ട് ഇന്ത്യന്‍ ജന സാമാന്യത്തിന്റെ മനസ്സില്‍ കുടിയിരുത്തപ്പെട്ട പിതൃബിംബം. നെഹറുവിന് ശേഷം ആര് ? ഒരുകാലത്ത് ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ പോലും പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം സമയമായപ്പോള്‍ പുറത്തിവന്നു. നെഹറുവിന്റെ ഏക പുത്രി ഇന്ദിരാഗാന്ധി! സ്തുതിപാഠകരുടെ ഒരു സംഘം ചുറ്റും കൂടി. “”ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര” എന്നുപോലും വിളിച്ചുകൂവിയ കോണ്‍ഗ്രസ് പ്രസിഡണ്ടുമാര്‍ വരെയുണ്ടായി ഈ രാജ്യത്ത് . സകല അധികാരങ്ങളും തന്നില്‍ കേന്ദ്രീകരിച്ചു ഭരണം നടത്തിയ ഇന്ദിര ഇന്ത്യക്ക് ഒരേസമയം പിതാവും മാതാവുമായി. അധികം വൈകാതെ തന്നെ ചിലര്‍ പാട്രിസൈഡ് നടത്തി അവര്‍ക്കു രക്തസാക്ഷി പരിവേഷം നല്‍കി. അവരുടെ ഗതി തന്നെ അനന്തരാവകാശിക്കും സംഭവിച്ചു. തറവാട് അന്യം നിന്നുപോകും എന്നു വന്നപ്പോള്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും പകരക്കാരെക്കൊണ്ടുവന്ന് പരീക്ഷണം നടത്തി .
പാട്രിസൈഡിനു പ്രായശ്ചിത്തമായി പാട്രിപാഷന്‍ നിറവേറ്റി. തറവാടിന്റെ കൈക്കോലും ഉത്തരവും മോന്തായവും പോലും ആവശ്യക്കാര്‍ ഊരിയെടുത്തു തുടങ്ങിയപ്പേഴായിരുന്നു പുതിയ രക്ഷാപുരുഷന്റെ അവതാരം. ആദ്യം ലളിതജീവിതത്തിന്റെ വീരസ്യം പറയല്‍. പിന്നെ രാജ്യം മുഴുവന്‍ അനുയായികളെ സമ്പാദിക്കല്‍. അതായിരുന്നു സാക്ഷാല്‍ നരേന്ദ്ര മോദി. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കാലം മുതല്‍ പത്തിയൊരുക്കി മാളങ്ങള്‍ക്കുള്ളില്‍ പതിയിരുന്ന വര്‍ഗീയ സവര്‍ണ ഫാസിസത്തിനു സവാരി ചെയ്യാന്‍ പാകത്തില്‍ പുതിയ രക്ഷാപുരുഷന്‍ മുതുകു കുനിച്ചുകൊടുത്തു. സമര്‍ഥമായ രാഷ്ട്രീയ നേതാവ്. കൈക്കൂലി എന്ന ആക്ഷേപത്തിനു സ്‌കോപ്പില്ല . പകരം സമ്മാനം വാങ്ങിക്കല്‍. സമ്മാനം എന്തുമാകാം ആകാം, അവിലോ മലരൊ പൂവോ തുളസിക്കതിരോ ചന്ദനമുട്ടിയോ എന്തും. ഏറ്റവും ഒടുവില്‍ കിട്ടിയത് ഒരു മേല്‍ക്കുപ്പായമാണ്. കോട്ടെന്നൊക്കെ ഇംഗ്ലീഷില്‍ പറയും. വില വെറും അമ്പതു ലക്ഷം. അതും സമ്മാനമായി ലഭിച്ചതാണ്. ലേലം ചെയ്തുവിറ്റപ്പോള്‍ ഒന്നേകാല്‍ കോടി രൂപ . എലിസമ്പത്ത് ടൈലറെപ്പോലുള്ള ചില ഹോളിവുഡ് നടികള്‍ക്കും ഈ പരിപാടിയുണ്ടായിരുന്നു. അഭിനിവേശം മൂത്ത ചില സമ്പന്നവിഡ്ഢികള്‍ വന്‍ തുക മുടക്കി അവരുടെ അടിവസ്ത്രങ്ങള്‍ പോലും ലേലത്തില്‍ പിടിക്കുമായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും ഇങ്ങനെ സ്വന്തം വസ്ത്രങ്ങള്‍ പോലും ലേലത്തില്‍ വിറ്റ് രാജ്യസേവനത്തിനു ഇറങ്ങിത്തിരിച്ചിരിക്കുന്നു. നരേന്ദ്ര മോദി ഇപ്പോള്‍ തുടങ്ങിയ ഈ ലേലം വിളി പരിപാടി കേന്ദ്രത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും മന്ത്രിമാര്‍ക്കും അവംലംബിക്കാവുന്നതാണ്. സമമാനം വാങ്ങിക്കുന്നതും അത് ഏറ്റവും മുന്തിയ വിലക്ക് ലേലം ഉറപ്പിച്ചു വില്‍ക്കുന്നതും ഒന്നും കൈക്കൂലി അഴിമതി എന്നീ വകുപ്പുകളിലൊന്നും പെടാന്‍ ഇടയില്ല. ഈ വിദ്യ നേരത്തെ മനസ്സിലാക്കിയിരുന്നെങ്കില്‍ നമ്മുടെ ഉമ്മന്‍ ചാണ്ടിക്കും മാണി സാറിനുമൊക്കെ ഒന്നു പരീക്ഷിച്ചുനോക്കാമായിരുന്നു. വല്ല ഷര്‍ട്ടോ, ജുബ്ബയോ, കസവുകരയുള്ള ഡബിള്‍ മുണ്ടോ ഒക്കെ പരസ്യമായി ലേലത്തിനുെവച്ചാല്‍ ചുരുങ്ങിയപക്ഷം കേരളത്തിലെ ബാറുടമകളെങ്കിലും അവയൊക്കെ നല്ല വിലക്കു ലേലത്തില്‍പ്പിടിക്കുമായിരുന്നു. കിട്ടുന്ന പണം സ്വന്തം പാര്‍ട്ടിക്കു സ്വയം സഹായ നിധിയിലേക്കു മുതല്‍ക്കൂട്ടുകയും ആകാമായിരുന്നു. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണവും ജീവിതാന്ത്യംവരെ നീണ്ടുനില്‍ക്കുന്ന അന്വേഷണ കുറ്റവിചാരണയും ഒന്നും നേരിടേണ്ടിവരുമായിരുന്നില്ലല്ലോ.
സാമാന്യജനങ്ങളെ പമ്പര വിഢികളാക്കിക്കൊണ്ടുള്ള ഈ കുലപതിയാരാധന എത്ര തന്ത്രപൂര്‍വമാണ് മുന്നേറുന്നതെന്ന് നോക്കൂ. ഗുജറാത്തില്‍ ആദ്യം നിയമസഭയിലേക്കു ജനപ്രതിനിധിയായി അയച്ച നിയോജകമണ്ഡല നിവാസികള്‍ക്ക് അവരുടെ ഗ്രാമത്തില്‍ മോദിയുടെ പേരില്‍ ഒരമ്പലം പണിയണം. മുപ്പത്തി മുക്കോടി ദൈവങ്ങളെക്കൊണ്ട് സമ്പന്നമായ ഹൈന്ദവ പാരമ്പര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയെ മുഖ്യപ്രതിഷ്ഠയാക്കികൊണ്ടുള്ള ഒരമ്പലം പണി പുരോഗമിച്ചു. പ്രതിഷ്ഠാ നിര്‍മാണം മുക്കാല്‍പങ്കും പൂര്‍ത്തിയായി. തന്ത്രിയും പൂജാരിയും ഒക്കെ റെഡി. നട തുറക്കാനും അടയ്ക്കാനും മാലകെട്ടാനും പടച്ചോര്‍ പാകപ്പെടുത്താനും ഒക്കെ പണിക്കാര്‍ കച്ചകെട്ടി ഇറങ്ങി. ഉഷ പൂജയ്ക്കും മദ്യാഹ്നപൂജയ്ക്കും സന്ധ്യാവന്ദനത്തിനും നിവേദ്യാര്‍പ്പണത്തിനും ഒക്കെയായി ഭക്തജനം തയ്യാറെടുക്കുകയായിരുന്നു. അപ്പോഴല്ലെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കേണ്ട പ്രതിഷ്ഠ ഇങ്ങുഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഇരുന്നു കല്‍പിക്കുന്നത്. എന്റെ പേരില്‍ അമ്പലം വേണ്ട പിരിച്ചെടുത്ത 14 ലക്ഷം രൂപ മുടക്കി അവിടെ ഭാരതമാതാവിനെ പ്രതിഷ്ഠിച്ചാരാധിക്കുക. എത്ര മുന്തിയ മനോഗതി! അതോടെ ഭാരതമാതാവ് രക്ഷപ്പെട്ടു. വിസൃതമായ ഈ ഭാരതഭൂമിയിലാകെ ഗതികിട്ടാ പ്രേതം പോലെഅലഞ്ഞുനടന്ന ഭാരതമാതാവിനു സ്വസ്തമായി അടങ്ങിയൊതുങ്ങി പള്ളികൊള്ളുന്നതിന് ഒരു സ്ഥലം കിട്ടി. ഭാവിയില്‍ അതൊരു തീര്‍ഥാടന കേന്ദ്രമായി മാറാനുള്ള എല്ലാസാധ്യതകളും ഉണ്ട്. ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ ദൈവമായി ആരാധിക്കാന്‍ അമ്പലം പണിയുന്ന ഏര്‍പ്പാട് ഈ ഇന്ത്യാ മഹാരാജ്യത്ത് വേറെയും ഉണ്ടത്രേ. മായാവതിയുടെ പേരിലും ജയലളിതയുടെ പേരിലും നിത്യപൂജനടക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ടുപോലും. ആര്‍ഷ സംസ്‌കാരത്തിന്റെ ഒരുപോക്കുനോക്കണെ!
സ്വയം ദൈവമാകാനും ദൈവമാക്കിക്കാനും നിന്നുകൊടുക്കുന്ന പതിവിനെ എതിര്‍ത്തിരുന്നവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. തിരഞെടുപ്പുകാലത്ത് പോസ്റ്ററുകളില്‍ സ്ഥാനാര്‍ഥിയുടെ പേരിനുപുറമേ ചിത്രവും കൂടി അച്ചടിക്കുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ട്ടികളെ തൊലിയുരിഞ്ഞുകളയാന്‍ പാകത്തില്‍ പരിഹസിച്ചവരായിരുന്നു അവര്‍. തെരുവോരങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥി കൈയുയര്‍ത്തി ജനങ്ങളെ ആശിര്‍വദിക്കുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍ തലയുയര്‍ത്തി നിന്നപ്പോഴും കമ്യൂണിസ്റ്റുകാര്‍ അത്തരം വൈകൃതങ്ങളെ പരിഹസിച്ചതല്ലാതെ അനുകരിച്ചില്ല. കട്ടൗട്ട് സ്ഥാനാര്‍ഥികളുടെ ചോക്ലേറ്റു മോന്തകളെ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ തങ്ങള്‍ക്കു കേട്ടറിവില്ലാതെ ചിത്രത്തിലൂടെ പ്പോലും മുഖപരിചയം സിദ്ധിച്ചിട്ടില്ലാത്ത സ്ഥാനാര്‍ഥികള്‍ക്കു പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം പറഞ്ഞതനുസരിച്ച് വോട്ട് ചെയ്ത് ജയിപ്പിച്ചുവിട്ടു. അവരായിരുന്നു 57ലും തുടര്‍ന്നുമൊക്കെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ രൂപവത്കരിച്ചത്. എന്നാല്‍ എഴുപതുകള്‍ പിന്നിട്ടതോടെ മറ്റു പലകാര്യങ്ങളിലും എന്നപോലെ വ്യക്തികളുടെ പരിവേഷം ഉയര്‍ത്തിക്കാട്ടിയുള്ള സൂത്രപണികളിലും കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റേതര വ്യത്യാസങ്ങളൊക്കെ അപ്രതക്ഷ്യമായി. നാടോടുമ്പോള്‍ നടുവേ ഓടുക, ചേരയെതിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷ്ണം തന്നെ ചോദിച്ചുവാങ്ങുക. ഇതൊക്കെ പരക്കെ സ്വീകാര്യത നേടിയ കാര്യങ്ങളായി മാറി. ഇത്തരം നയംമാറ്റങ്ങളുടെ അനന്തരഫലമാണ് സി പി എമ്മിന്റെ ആലപ്പുഴ സമ്മേളനത്തില്‍ കണ്ടത്. സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലെനിനിസ്റ്റ് സംഘടനാത്വങ്ങളനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി എസ് അച്യുതാനന്ദനെ ഇരുത്തിപ്പൊരിക്കുകയായിരുന്നില്ലേ? വയസ്സുകാലത്ത് ചീത്ത കേള്‍ക്കുന്നതിനും ഒരതിരില്ലേ? കമ്മ്യൂണിസ്റ്റ് കുലപതി മുന്‍പിന്‍ നോക്കാതെ വേലിക്കകത്തു വീട്ടിലേക്കൊറ്റപ്പോക്കു പോയി. കുശാലായി ഒരു സദ്യ കിട്ടിയ സന്തോഷത്തിലായിരുന്നു കേരളത്തിലെ ചാനലുകള്‍ . വൈകുന്നേരത്തെ ടി വി ചര്‍ച്ചകളിലൂടെ ജീവന്‍ നിലനിര്‍ത്തിപ്പോരുന്ന എല്ലാ മുന്‍ കമ്മ്യൂണിസ്റ്റുകളും ഇപ്പോഴും കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്നവരും വന്നിരുന്നു ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നില്ലേ. സി പി എം ഇതാ പിളരാന്‍ പോകുന്നു. ആലപ്പുഴയിലെ വേലിക്കകത്തുവീടിന്റെ മുമ്പില്‍ പ്രളയം. വി എസിന്റെ ഫോണ്‍കോളുകള്‍ പുറത്തേക്കു പ്രവഹിക്കുന്നു. സമ്മേളനം നിര്‍ത്തിവെച്ചേക്കും. പിണറായിയും സംഘവും അങ്കലാപ്പില്‍. ചാനലുകളുടെ ഉച്ഛ്വാസ വായുവായ പതിവുവാണിജ്യ പരസ്യപരിപാടികള്‍ക്കു പോലും അവധികൊടുത്തുകൊണ്ടല്ലേ റൗണ്ട് ദി ക്ലോക്ക് ചര്‍ച്ചകൊഴുപ്പിച്ചത്. മറ്റു പണിയൊന്നുമില്ലാതെ ടി വിക്കുമുന്നില്‍ മിഴിച്ചിരുന്നവര്‍ പണ്ടു കുഞ്ചന്‍ നമ്പ്യാര്‍ക്കുമുന്നില്‍ ചെമ്പകശ്ശേരി രാജാവ് വിളമ്പിയ സദ്യയുടെ വിവരണം ഓര്‍ത്ത് ഊറിചിരിച്ചിട്ടുണ്ടാകണം.
പത്രം വിസൃതം മത്രതുംമ്പമലര്‍തോറ്റോടീടിനോരോന്നവും
പുത്തന്‍നെയ് കനിയെ പഴുത്ത പഴം കാളിപ്പഴം കാളനും
പത്തുഞ്ഞൂറുകറിക്കു ദാസ്യമേലും നാരങ്ങയും മാങ്ങയും
കിട്ടും ചെമ്പക നാട്ടിലഷ്ഠി തയിര്‍ മോരു തട്ടാതെ നിത്യം ധ്രുവം
നമ്പ്യാരുടെ കവന കൗശലത്തില്‍ ചെമ്പകശേരി രാജാവ് ആദ്യം സന്തോഷിച്ചു. നമ്പ്യാര്‍ക്കു പട്ടും വളയു മൊക്കെ നല്‍കിയെങ്കിലും പിന്നീട് ആരോ ശ്ലോകത്തിന്‍ കൃത്യമായ അര്‍ഥം പറഞ്ഞുകൊടുത്തപ്പോഴാണ് ഈ വിദ്വാന്‍ തനിക്കിട്ടൊരു താങ്ങുതാങ്ങിയതാണല്ലോ എന്ന് രാജാവിനു മനസ്സിലായത്. വ്യവസ്ഥിതിയില്‍ ഭ്രമിച്ച് വന്ന വഴികള്‍ മറക്കുന്ന, നില്‍ക്കുന്ന തറ ഏതെന്നു നിശ്ചയമില്ലാത്ത ഏതു കുലപതിയുടെയും കാര്യം ഇങ്ങനെയൊക്കെയാകാനെ തരമുള്ളൂ. ഇന്ന് ഞാന്‍ നാളെ നീ!
വി എസ് അച്യുതാന്ദന്‍ കുറേ കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മാത്രമല്ല വിശകലനശേഷി നഷ്ടപ്പെട്ട ഇവിടുത്തെ പൊതുസമൂഹത്തിന്റെയും മനസ്സില്‍ പിതൃസ്ഥാനീയനായി പ്രതിഷ്ഠിക്കപ്പെട്ടിരിന്നു. അതിനൊരു തരം ഇളക്കിപ്രതിഷ്ഠ അഥവാ ഒരുതരം പിതൃഹത്യ അതാണ് ആലപ്പുഴയില്‍ സംഭവിച്ചത്. പിതൃഹത്യ പിതൃപൂജ രണ്ടും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. പിതാവ് എന്ന പരികല്‍പന സകല ആണ്‍ വാഴ്ചാ സമൂഹങ്ങളിലും കേന്ദ്രീകൃത അധികാരത്തിന്റെ പ്രതിഷ്ഠയാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ശത്രുക്കളായി മാറുന്നു. താന്‍ കൈകൊടുത്ത് ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ തനിക്ക് പാരയായി മാറുന്നു. അപ്പോഴപ്പോള്‍ ഉയര്‍ന്നു വരുന്ന സാമൂഹികപ്രശ്‌നങ്ങളില്‍ ഇടപെട്ട് സ്വന്തം ഉത്തരവാദിത്തം നിറവേറ്റുക എന്നത് ഓരോവ്യക്തിയുടെയും കടമയാണ്. കടമകളെ വലിയ ത്യാഗമായി ചിത്രീകരിക്കുന്നതും ത്യാഗത്തിനു വിലപേശുന്നതും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നാഗ്രഹിക്കുന്ന മുതിര്‍ന്നവരെങ്കിലും ഒഴിവാക്കേണ്ടതാണ്. ചെറുപ്പക്കാര്‍ മുതിര്‍ന്നവരെ കണ്ടാണല്ലോ വളരുന്നത്. പുതിയ തലമുറയെ ആകെ കരിയറിസ്റ്റുകളെന്നാക്ഷേപിക്കുന്ന പഴയ തലമുറ പഴയ ത്യാഗങ്ങള്‍ക്കു പ്രതിഫലം പ്രതീക്ഷിക്കുന്ന ഭിക്ഷാംദേഹികളായി മാറുന്നത് കഷ്ടമാണ്.
സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടവസാനിപ്പിച്ചു പിന്‍വാങ്ങുന്നതല്ലേ ഏതൊരു പാട്ടുകാരനും ഭൂഷണം? അതെങ്ങനെയാണ് -പടുവൃദ്ധനായിത്തീര്‍ന്നിട്ടും യൗവനം ആസ്വദിച്ചു തീര്‍ന്നില്ലെന്ന സങ്കടവുമായി തന്റെ വാര്‍ധക്യം ഏറ്റുവാങ്ങി മക്കളുടെ യൗവനം പകരം വാങ്ങാന്‍ ഇച്ഛിച്ച ഒരു രാജാവുണ്ടായിരുന്നില്ലേ നമ്മുടെ പുരാണത്തില്‍ -അദ്ദേഹമാണ് നമ്മുടെ വി എസ്സിനു മാതൃക എന്നുതോന്നുന്നു. ആകസ്മികമായി കണ്ടുമുട്ടിയ യുവ സുന്ദരിയോടൊത്ത് രമിക്കുക എന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ യതിയുടെ പുത്രന്‍ പുരു തന്റെ യൗവനം അച്ഛനു നല്‍കി പകരം അച്ഛന്റെ വാര്‍ധക്യം ഏറ്റുവാങ്ങിയ കഥ. അധികാരം ഒരഭിസാരികയാണ്; അവള്‍ യുവാക്കളെക്കാള്‍ അധികം വഴിപിഴപ്പിക്കുന്നത് വൃദ്ധന്മാരെ യാണെന്നാണ് ലോക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എത്രയെത്രസര്‍വാധിപതികളുടെ യശസ്സിലാണവള്‍ കറുത്ത ചായം പൂശി അലങ്കോലപ്പെടുത്തിയിരിക്കുന്നത്.